Cricket

കരുതിയിരുന്നോ അര്‍ഷദീപ് എക്‌സ്പ്രസിനെ!! കങ്കാരുനാട്ടില്‍ മാരക ബൗളിംഗുമായി രണ്ടാം സഹീര്‍!!

ഇന്ത്യയുടെ പുതിയ യോര്‍ക്കര്‍ കിംഗ് ഓസ്‌ട്രേലിയന്‍ മണ്ണിലെ തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ തനിനിറം കാട്ടി. വെസ്റ്റേണ്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരിശീലന മല്‍സരത്തില്‍ യോര്‍ക്കറുകളുമായി കളംനിറഞ്ഞ അര്‍ഷദീപിന്റെ പ്രകടനമാണ് ഇന്ത്യയ്ക്ക് 13 റണ്‍സിന്റെ ജയമൊരുക്കിയത്.

ഭുവനേശ്വര്‍ കുമാറിനൊപ്പം ബൗളിംഗ് ഓപ്പണ്‍ ചെയ്ത അര്‍ഷദീപ് പിച്ചിലെ ഈര്‍പ്പവും പേസും കൃത്യമായി മുതലെടുത്താണ് പന്തെറിഞ്ഞത്. തുടക്ക ഓവറുകളില്‍ ബൗണ്‍സറുകളാണ് എതിര്‍ ബാറ്റ്‌സ്മാന്മാരെ പരീക്ഷിക്കാന്‍ യുവതാരം എറിഞ്ഞത്. അവസാന ഓവറുകളിലാകട്ടെ കാഠിന്യമേറിയ യോര്‍ക്കറുകളിലേക്ക് മാറുകയും ചെയ്തു. 3 ഓവര്‍ പന്തെറിഞ്ഞ അര്‍ഷദീപ് വഴങ്ങിയത് വെറും 6 റണ്‍സാണ്. 3 വിക്കറ്റുകളും സ്വന്തമാക്കി.

ഇന്ത്യയുടെ പുതിയ സഹീര്‍ ഖാന്‍ പതിപ്പാണ് അര്‍ഷദീപെന്ന് ഇപ്പോള്‍ തന്നെ ആരാധകര്‍ വിശേഷിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. പേസും ബൗണ്‍സുമുള്ള ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ നടക്കുന്ന ലോകകപ്പ് അര്‍ഷദീപിന്റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് മുന്‍കാല താരങ്ങളടക്കം പറയുന്നത്. ഐപിഎല്ലിലെ തകര്‍പ്പന്‍ ഫോം ദേശീയ ടീമിലേക്കും പറിച്ചു നടാന്‍ അര്‍ഷദീപിന് കഴിയുന്നത് ഇന്ത്യയ്ക്കും ശുഭസൂചനയാണ്.

ഇന്ത്യന്‍ ടീമില്‍ മറ്റ് നല്ല ഇടംകൈയന്‍ പേസര്‍മാര്‍ ഇല്ലാത്തതും അര്‍ഷദീപിന് ഗുണമാണ്. ഇന്ത്യന്‍ പിച്ചുകളിലേക്കാള്‍ നന്നായി വിദേശത്ത് പന്തെറിയാന്‍ കഴിയുമെന്ന് തെളിയിച്ചത് കോച്ച് രാഹുല്‍ ദ്രാവിഡിനും ആശ്വാസമാണ്. ഏഷ്യാകപ്പില്‍ ഉള്‍പ്പെടെ നിറംമങ്ങിയ ബൗളിംഗ് നിരയ്ക്ക് ആശ്വാസമാണ് പേസ് ഡിപ്പാര്‍ട്ട്‌മെന്റ് വീണ്ടും ഫോമിലേക്ക് തിരിച്ചു വരുന്നത്.

Related Articles

Back to top button