Cricket

150.01 സ്‌ട്രൈക്ക് റേറ്റില്‍ തട്ടുപൊളിപ്പന്‍ പൂജാര!! എന്നിട്ടും ടീമിന് നിരാശ!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ ചേതേശ്വര്‍ പൂജാരയുടെ വെടിക്കെട്ട് ബാറ്റിംഗ് തുടരുന്നു. ഹിമാചല്‍പ്രദേശിനെതിരേ വെടിക്കെട്ട് നടത്തിയെങ്കിലും പിന്തുണയ്ക്കാന്‍ ആളില്ലാതെ സൗരാഷ്ട്രയ്ക്ക് തോല്‍വി. ഒരു സൈഡില്‍ തകര്‍ത്തടിച്ച പൂജാരയ്ക്ക് മാത്രമാണ് കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞത്. 11 റണ്‍സിനാണ് ഹിമാചലിന്റെ ജയം. സ്‌കോര്‍: ഹിമാചല്‍പ്രദേശ് 157-8, സൗരാഷ്ട്ര 144-9.

താരതമ്യേന ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ സൗരാഷ്ട്രയ്ക്ക് നല്ല തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ 22 ല്‍ നില്‍ക്കേ തരംഗ് ഗോഹെല്‍ (17) പുറത്തായെങ്കിലും പൂജാരയും സാമ്രത് വ്യാസും ചേര്‍ന്ന് സൗരാഷ്ട്രയെ മുന്നോട്ടു നയിച്ചു.

പൂജാര തുടക്കം മുതല്‍ മികച്ച ഫോമിലായിരുന്നു. ക്ലാസിക് ഷോട്ടുകളിലൂടെ അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ വന്മതിലിനായി. മറുവശത്ത് വ്യാസിനെ കാഴ്ച്ചക്കാരനാക്കിയായിരുന്നു പൂജാരയുടെ പോരാട്ടം.

സൗരാഷ്ട്ര 10 ഓവര്‍ പിന്നിടുമ്പോള്‍ രണ്ടു വിക്കറ്റിന് 76 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ 12 റണ്‍സെടുത്ത വ്യാസ് റണ്ണൗട്ടായതോടെ കഥമാറി. മറുവശത്ത് വന്നവരൊക്കെ വലിയ സംഭാവന നല്‍കാതെ അതിവേഗം പവലിയനിലേക്ക് മടങ്ങി കൊണ്ടിരുന്നു.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഷെല്‍ടണ്‍ ജാക്‌സണ്‍ ആദ്യ പന്തില്‍ തന്നെ ഡക്കായി മടങ്ങിയതോടെ കളി സൗരാഷ്ട്രയില്‍ നിന്ന് കൈവിട്ടു. 38 പന്തില്‍ നിന്ന് 7 ഫോറും രണ്ട് സിക്‌സറുകളും അടക്കം 57 റണ്‍സെടുത്ത പൂജാരയുടെ സ്‌ട്രൈക്ക് റേറ്റ് 150.01 ആണ്.

Related Articles

Back to top button