ISL

കോര്‍പറേറ്റ് ലോകത്തും ബ്ലാസ്‌റ്റേഴ്‌സിനായി പിടിവലി!! വരുന്നത് വന്‍ ബ്രാന്‍ഡുകള്‍!

ഇന്ത്യയില്‍ ഫുട്‌ബോള്‍ ക്ലബുകള്‍ നടത്തുകയെന്നത് വലിയ ശ്രമകരമായ ജോലിയാണ്. എത്രയെത്ര ക്ലബുകളാണ് വലിയ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടും അകാലചരമം അടഞ്ഞതെന്ന് നാം കണ്ടതാണ്. കേരളത്തില്‍ തന്നെ ഉദാഹരണങ്ങളേറെ. എഫ്‌സി കൊച്ചിന്‍ മുതല്‍ വിവ കേരള വരെ നീളുന്നു ആ പട്ടിക. സ്‌പോണ്‍സര്‍മാരുടെ അഭാവം തന്നെയായിരുന്നു ഈ ക്ലബുകള്‍ക്ക് തിരിച്ചടിയായത്.

ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായ പാത വെട്ടിത്തുറക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കോര്‍പറേറ്റ് കമ്പനികള്‍ ബ്ലാസ്റ്റേഴ്‌സിനെ ഏതെങ്കിലുമൊക്കെ രീതിയില്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഇങ്ങോട്ടേക്ക് വരുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ബൈജൂസ് മുതല്‍ വണ്‍എക്‌സ്ബാറ്റ് വരെയും സുഗുണ ഡെല്‍ഫ്രഷ് മുതല്‍ ബിന്‍ഗോ വരെയും ആ പട്ടിക നീളുന്നു.

ഇപ്പോഴിതാ ഇന്ത്യയിലെ നമ്പര്‍ വണ്‍ ഓട്ടോമോട്ടീവ് ബാറ്ററി ബ്രാന്‍ഡായ ആമറോണും ബ്ലാസ്‌റ്റേഴ്‌സുമായി സഹകരിക്കുകയാണ്. ഈ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്റെ ഔദ്യോഗിക പങ്കാളികളായി സഹകരിക്കുന്നതില്‍ അമറോണ്‍ സന്തുഷ്ടരാണെന്ന് അമര രാജ ബാറ്ററി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹര്‍ഷവര്‍ദ്ധന ഗൗരിനേനി പറഞ്ഞു.

രാജ്യത്ത് ഫുട്ബോളിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും, അത് ഫുട്‌ബോളിന് നല്‍കുന്ന ഊര്‍ജ്ജവും ആവേശവും ഉള്‍കൊണ്ട്, ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതാപം പുനരുജ്ജീവിപ്പിക്കാന്‍ കായിക സമൂഹത്തെ പിന്തുണയ്ക്കുന്നതിന് അമറോണ്‍ ഈ അവസരം ഉപയോഗിക്കുന്നു. ഒരു ആവേശകരമായ സീസണ്‍ പ്രതീക്ഷിക്കുന്നതോടൊപ്പം ആരാധകര്‍ക്കൊപ്പം ആര്‍പ്പുവിളിക്കാനും അമറോണ്‍ ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

അമറോണുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഞങ്ങളുടെ അഭ്യൂദയേച്ഛയിലും ലക്ഷ്യങ്ങളിലും ഞങ്ങളുടെ ബ്രാന്‍ഡുകള്‍ പങ്കുവെക്കുന്ന നിരവധി കൂട്ടായപ്രവര്‍ത്തനങ്ങള്‍ ഉണ്ട്. ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചതിന്, അമറോണിലെ എല്ലാവര്‍ക്കും ഞങ്ങള്‍ നന്ദി പറയുന്നുവെന്നും നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button