Cricket

കളിക്കുന്നതിനേക്കാള്‍ സമ്മര്‍ദം കളി കാണുന്നതിലാണെന്ന് ഇപ്പോള്‍ മനസ്സിലായി!! വെളിപ്പെടുത്തലുമായി സ്മൃതി മന്ദന

ഐപിഎല്ലില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെ നേരിടും.

അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം. പുറത്താകലിന്റെ വക്കില്‍ നിന്ന് തുടര്‍ച്ചയായി ആറു മത്സരം ജയിച്ച് അവിശ്വസനീയമായ രീതിയിലായിരുന്നു റോയല്‍ ചലഞ്ചേഴ്‌സ് പ്ലേഓഫിന് യോഗ്യത നേടിയത്.

ഇപ്പോഴിതാ ആര്‍സിബിയുടെ മത്സരങ്ങള്‍ കാണുന്നത് വലിയ സമ്മര്‍ദമാണുണ്ടാക്കുന്നതെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സ്മൃതി മന്ദന.

വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ക്യാപ്റ്റനാണ് സ്മൃതി മന്ദന. ഇത്തവണ വനിതാ പ്രീമിയര്‍ ലീഗ് കിരീടം ചൂടാനും സ്മൃതിയ്ക്കും സംഘത്തിനും കഴിഞ്ഞിരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ആര്‍സിബിയുടെ കളി കാണാന്‍ സ്മൃതി മന്ദന കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയിരുന്നു. ആര്‍സിബി വനിതാ താരങ്ങളായ ശ്രേയാങ്ക പാട്ടീല്‍, ആശ ശോഭന, രേണുക സിങ് എന്നിവരും സ്മൃതിക്കൊപ്പം കളി കാണാനെത്തിയിരുന്നു.

”കളിക്കുന്നതിനേക്കാളും സമ്മര്‍ദമുള്ളത് കളി കാണുമ്പോഴാണെന്ന് ഇപ്പോള്‍ എനിക്കു മനസ്സിലായി. ടീമിനു മികച്ച സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഐപിഎല്‍ സീസണിലാകെ ഗംഭീര പ്രകടനമാണു പുരുഷ ടീം നടത്തിയത്.” സ്മൃതി പ്രതികരിച്ചു.

”വനിതാ ലീഗില്‍ ഞങ്ങളും ഇതേ അവസ്ഥയിലായിരുന്നു. ആദ്യത്തെ രണ്ടോ, മൂന്നോ മത്സരങ്ങള്‍ ജയിച്ച ശേഷം പിന്നീടു കുറച്ചു കളികള്‍ മോശമായി. അങ്ങനെയൊരു അവസ്ഥയില്‍നിന്ന് പുറത്തുവരാന്‍ അപാരമായ ധൈര്യം വേണം.

ക്വാളിഫൈ ചെയ്യാനുള്ള സാധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ആര്‍സിബി എപ്പോഴും കളിച്ചത്.” സ്മൃതി പറഞ്ഞു.

അവസാന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗളൂരു ഐപിഎല്‍ പ്ലേ ഓഫില്‍ കടന്നത്. വിജയലക്ഷ്യമായ 219 റണ്‍സ് പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 191 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

201 റണ്‍സ് നേടിയിരുന്നെങ്കില്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. എന്നാല്‍ ഇതിനായി അവസാന ഓവറില്‍ 17 റണ്‍സ് വേണ്ടിയിരുന്നെങ്കിലും വെറും ഏഴു റണ്‍സ് മാത്രമാണ് ചെന്നൈയ്ക്ക് നേടാനായത്.

Related Articles

Back to top button