Cricket

ആളെ അത്ര പരിചയമില്ല !! ഡെയ്ല്‍ സ്റ്റെയ്‌ന് ബൗളിംഗ് പരിശീലനം നല്‍കി അമേരിക്കന്‍ ക്രിക്കറ്റ് സ്റ്റാഫ്; വീഡിയോ

ലോകക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസ്ബൗളര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. എന്നാല്‍ ഇക്കാര്യം അമേരിക്കയിലെ സ്ട്രീറ്റ് ക്രിക്കറ്റ് സ്റ്റാഫിന് അറിയില്ലായിരുന്നു. സ്‌റ്റെയ്‌നെ ബൗളിംഗ് പരിശീലിപ്പിക്കാന്‍ ശ്രമിക്കുന്ന യുഎസ് ക്രിക്കറ്റ് സ്റ്റാഫിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ക്രിക്കറ്റിനോടു താല്‍പര്യമുള്ള ഏതോ ഒരാള്‍ എന്ന നിലയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരത്തിന് ചില പേസ് ബൗളിംഗ് ടിപ്‌സും ഈ യുഎസ് സ്റ്റാഫ് പറഞ്ഞു നല്‍കി.

ഈ വാക്കുകള്‍ ക്ഷമാപൂര്‍വ്വം ശ്രവിക്കുന്ന സ്‌റ്റെയ്ന്‍ അതുപോലെ പന്ത് എറിയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.


ട്വന്റി 20 ലോകകപ്പിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് കമന്ററി പാനലില്‍ സ്റ്റെയ്‌നുമുണ്ട്. ഇതിന്റെ ഭാഗമായാണ് അദ്ദേഹം അമേരിക്കയില്‍ കഴിയുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി 20യും കളിച്ച താരമാണ് ഡെയ്ല്‍ സ്റ്റെയ്ന്‍. ടെസ്റ്റില്‍ 439 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. ഏകദിനത്തില്‍ 196ഉം ട്വന്റി 20യില്‍ 64ഉം വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പേസറുടെ സമ്പാദ്യം.

150 കിലോ മീറ്ററില്‍ അധികം വേഗതയില്‍ തുടര്‍ച്ചയായി പന്തെറിഞ്ഞു കൊണ്ടിരുന്ന സ്റ്റെയ്ന്‍ പ്രതാപകാലത്ത് ലോകോത്തര ബാറ്റര്‍മാരുടെയെല്ലാം പേടിസ്വപ്‌നമായിരുന്നു.

Related Articles

Back to top button