Cricket

ലങ്കയെ പറപ്പിച്ച് സദ്രാന്‍ ഷോ! അടിച്ചുകൂട്ടിയത് 15 ഫോര്‍, 4 സിക്‌സര്‍!!

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാനത്തെ മല്‍സരത്ത്‌ലും തകര്‍പ്പന്‍ സ്‌കോര്‍ കണ്ടെത്തി അഫ്ഗാനിസ്ഥാന്‍. ആദ്യം ബാറ്റുചെയ്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 313 റണ്‍സ്. ഓപ്പണര്‍ ഇബ്രാഹിം സദ്രാന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് പ്രധാന പ്രത്യേകത.

വെറും 138 പന്തില്‍ നിന്ന് 162 റണ്‍സെടുത്താണ് ഇബ്രാഹീം അവസാന ഓവറില്‍ പുറത്തായത്. 15 ഫോറും 4 സിക്‌സറുകളും അടങ്ങുന്നതാണ് സദ്രാന്റെ ഇന്നിംഗ്‌സ്. ഒരുഘട്ടത്തില്‍ മൂന്നുവിക്കറ്റിന് 57 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയെ നേരിടുകയായിരുന്നു അഫ്ഗാന്‍. ഈ ഘട്ടത്തിലാണ് നജീബുള്ള സദ്രാന്‍ ഇബ്രാഹീമിനൊപ്പം ക്രീസിലെത്തുന്നത്. തുടക്കം മുതല്‍ നജീബുള്ള തകര്‍പ്പന്‍ ഫോമിലായിരുന്നു.

ലങ്കയുടെ പേരുകേട്ട സ്പിന്നര്‍മാരായ മഹീഷ തീക്ഷണ, ഹസരങ്ക എന്നിവരെ അനായാസം നേരിട്ട കൂട്ടുകെട്ട് 184 റണ്‍സിന്റെ റിക്കാര്‍ഡ് നാലാം വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ്. നജീബുള്ള 76 പന്തില്‍ നിന്ന് എട്ട് ഫോറും ഒരു സിക്‌സറും അടക്കം 77 റണ്‍സെടുത്ത് പുറത്തായി.

ഈ മല്‍സരം അടക്കം ഇനി കളിക്കാനുള്ള ഐസിസി ക്രിക്കറ്റ് ലീഗ് മല്‍സരങ്ങളല്ലാം ജയിച്ചാലേ ലങ്കയ്ക്ക് അടുത്ത വര്‍ഷത്തെ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാന്‍ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ യോഗ്യത റൗണ്ട് വഴി വേണം ഭാഗ്യം പരീക്ഷിക്കാന്‍. യോഗ്യത റൗണ്ട് വഴി രണ്ട് ടീമിനു മാത്രമാണ് ലോകകപ്പിന് അവസരം കിട്ടുകയുള്ളൂ.

Related Articles

Back to top button