Cricket

30 ദിവസത്തിനിടെ രണ്ട് രാജ്യത്തിനായി ഇന്ത്യയ്‌ക്കെതിരേ കളിച്ചു!! ന്യൂസിലന്‍ഡുകാരന്‍; ഇപ്പോള്‍ നെതര്‍ലന്‍ഡ്‌സ്!

ഐസിസി ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരേ കളിച്ച ലോഗന്‍ വാന്‍ ബീക്ക് ഒരു റിക്കാര്‍ഡ് ഇട്ടിരിക്കുകയാണ്. അതും അപൂര്‍വമായൊരു സംഭവം. 30 ദിവസത്തെ ഇടവേളയ്ക്കിടെ രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിച്ചാണ് വാന്‍ ബീക്ക് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായിരിക്കുന്നത്.

ഇന്ത്യയ്‌ക്കെതിരേ സിഡ്‌നിയില്‍ ഇന്ന് കളിച്ച നെതര്‍ലന്‍ഡ്‌സ് ടീമില്‍ വാന്‍ ബീക്കും ഉണ്ടായിരുന്നു. 4 ഓവറില്‍ 45 റണ്‍സ് വഴങ്ങുകയും ചെയ്തിരുന്നു. ഇതേ വാന്‍ ബീക്ക് കഴിഞ്ഞ മാസം ഇന്ത്യയില്‍ പര്യടനത്തിനെത്തിയ ന്യൂസിലന്‍ഡ് എ ടീമിലും കളിച്ചിരുന്നു.

അന്ന് സഞ്ജു സാംസണ്‍ നയിച്ച ഇന്ത്യ എയ്‌ക്കെതിരേ മികച്ച പ്രകടനവും നടത്തി. 4 കളിയില്‍ നിന്ന് 7 വിക്കറ്റായിരുന്നു താരം അന്ന് വീഴ്ത്തിയത്. ലോകകപ്പ് ടീമില്‍ പ്രവേശനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കിവി സെലക്ടര്‍മാര്‍ കനിഞ്ഞില്ല. ഇതോടെ വീണ്ടും ഡച്ചിന് വേണ്ടി കളിക്കാന്‍ വാന്‍ ബീക്ക് പോകുകയായിരുന്നു.

ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ജനിച്ച വാന്‍ ബീക്ക് ന്യൂസിലന്‍ഡ് അണ്ടര്‍ 19 ടീമില്‍ കളിച്ചിരുന്നു. പിന്നീട് ഡച്ചുകാരിയായ അമ്മയുടെ പൗരത്വത്തിന്റെ ബലത്തിലാണ് നെതര്‍ലന്‍ഡ്‌സ് ടീമില്‍ കയറിപ്പറ്റിയത്. ഓറഞ്ചുകാര്‍ക്കായി 17 ഏകദിനവും 19 ട്വന്റി-20യും ഇതുവരെ കളിച്ചു.

ഐസിസി നിയമപ്രകാരം ടെസ്റ്റ് പദവിയില്ലാത്ത രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരത്തിന് മറ്റൊരു രാജ്യത്തിനായി കളിക്കാന്‍ നിര്‍ബന്ധിത മാറിനില്‍ക്കല്‍ കാലാവധി ഇല്ല. മാത്രവുമല്ല വാന്‍ ബീക്ക് ന്യൂസിലന്‍ഡ് ദേശീയ ടീമിനായല്ല കളിച്ചതെന്നതും താരത്തിന് വീണ്ടും ഡച്ച് ജേഴ്‌സി അണിയുന്നതിന് സഹായിച്ചു.

Related Articles

Back to top button