Cricket

എപ്പോഴെല്ലാം ഡച്ചുകാരെ വീഴ്ത്തിയോ; അപ്പോഴെല്ലാം ഇന്ത്യ ഫൈനല്‍ കളിച്ചു!! ജാഫര്‍ പറഞ്ഞതില്‍ കാര്യമുണ്ട്!

ഇന്ത്യ ലോകകപ്പുകളില്‍ എപ്പോഴെല്ലാം നെതര്‍ലന്‍ഡ്‌സിനെ നേരിട്ടിട്ടുണ്ടോ അപ്പോഴെല്ലാം ഇന്ത്യ കളി ജയിച്ചിട്ടുണ്ട്. ഈ ഒരു റിക്കാര്‍ഡ് മാത്രമല്ല ഇന്ത്യ-ഡച്ച് പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്. ഇന്ത്യ ലോകകപ്പില്‍ ഓറഞ്ചുകാരെ എപ്പോഴെല്ലാം തോല്‍പ്പിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ടീം ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിട്ടുണ്ട്.

ഇതുവരെ ഇന്ത്യ മൂന്നു തവണയാണ് ലോകകപ്പില്‍ ഡച്ചുകാരെ നേരിട്ടത്. 2003, 2011 ഏകദിന ലോകകപ്പുകളിലും ഇത്തവണത്തെ ട്വന്റി-20 ലോകകപ്പിലുമാണ് അത്. 2003 ല്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിക്കും വരെ വളരെ മോശം ഫോമിലായിരുന്നു ഇന്ത്യ. ഡച്ചുകാരെ തോല്‍പ്പിച്ച ശേഷം ഇന്ത്യയുടെ കുതിപ്പ് ഫൈനല്‍ വരെ നീണ്ടു. അന്ന് കലാശപ്പോരാട്ടത്തില്‍ കങ്കാരുക്കളോടാണ് ഇന്ത്യ തോറ്റത്.

2011 ലോകകപ്പിലായിരുന്നു രണ്ടാമത്തെ തവണ ഇരുടീമുകളും ഏറ്റുമുട്ടിയത്. ഇന്ത്യയില്‍ നടന്ന ലോകകപ്പില്‍ ഡച്ചുകാര്‍ക്കും യോഗ്യത ഉണ്ടായിരുന്നു. ഈ മല്‍സരത്തിലും ഇന്ത്യ അനായാസം ജയിച്ചു. അത്തവണ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ കപ്പു നേടിയത്.

ഇത്തവണ വീണ്ടും ഡച്ചുകാരെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഫൈനലിലെത്തുമെന്ന ഉറപ്പുമായെത്തിയത് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍ ആണ്. കണക്കുകള്‍ ചൂണ്ടിക്കാട്ടിയുള്ള ജാഫറിന്റെ ട്വീറ്റ് വൈറലായിട്ടുണ്ട്.

Related Articles

Back to top button