Cricket

ദക്ഷിണാഫ്രിക്കയ്ക്ക് കളിക്കുന്നതിനിടെ ഒബ്രെയ്‌നെ കണ്ടുമുട്ടിയത് വഴിത്തിരിവ്; അയര്‍ലന്‍ഡ് ഹീറോ കാംപെറിന്റെ കഥ!

അയര്‍ലന്‍ഡിനെ ഐസിസി ട്വന്റി-20 ലോകകപ്പില്‍ അത്ഭുത ജയത്തിലേക്ക് നയിച്ച കര്‍ട്ടിസ് കാംപെര്‍ എന്ന യുവതാരത്തിന്റെ ജീവിതകഥ അതിലും വലിയ അത്ഭുതമാണ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച് അവര്‍ക്കായി അണ്ടര്‍ 19 ലോകകപ്പ് കളിച്ച താരമാണ് കാംപെര്‍. ഒരിക്കല്‍ അയര്‍ലന്‍ഡ് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തുന്നതിനിടെ കാംപെര്‍ കളിക്കുന്ന ടീമുമായി മല്‍സരം വന്നു.

ഈ മല്‍സരത്തിനിടെ കാംപെര്‍ അന്നത്തെ അയര്‍ലന്‍ഡ് കീപ്പര്‍ നെയ്ല്‍ ഒബ്രയാനോട് പറഞ്ഞ ഒരു വാക്കാണ് താരത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. തനിക്ക് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ട് ഉണ്ടെന്നായിരുന്നു ബാറ്റു ചെയ്യുന്നതിനിടെ കാംപെര്‍ പറഞ്ഞത്. ഇക്കാര്യം ഓര്‍ത്തുവച്ച ഒബ്രയ്ന്‍ തിരികെ അയര്‍ലന്‍ഡിലെത്തിയ ശേഷം ഇക്കാര്യം ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു.

പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ക്രിക്കറ്റ് ബോര്‍ഡ് കാംപെറുമായി സംസാരിക്കുന്നു. തനിക്ക് അയര്‍ലന്‍ഡിനായി കളിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിക്കുന്നു. തൊട്ടടുത്ത സീസണില്‍ കാംപെര്‍ താമസം അയര്‍ലന്‍ഡിലേക്ക് മാറ്റുന്നു. ആ സീസണില്‍ തന്നെ താരം അയര്‍ലന്‍ഡിനായി അരങ്ങേറുന്നു. ഇംഗ്ലണ്ടിനെതിരായ ഒരു മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ ജയിപ്പിച്ച് ടീമിലെ സ്ഥിര സാന്നിധ്യമായി മാറുകയും ചെയ്യുന്നു.

സ്‌കോട്‌ലന്‍ഡിനെതിരേ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ അയര്‍ലന്‍ഡിന് ഒരിക്കല്‍പ്പോലും ജയത്തിലേക്കെന്ന തോന്നല്‍ പോലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. ടീമിന് തന്നെ ബാധ്യതയായ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബേണി പതിവുപോലെ കുറച്ചു പന്തുകള്‍ പാഴാക്കിയ ശേഷം പുറത്തായി. 12 പന്തില്‍ 14 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പോള്‍ സ്റ്റിര്‍ലിംഗ് (8), ലോര്‍ക്കന്‍ ടക്കര്‍ (20), ഹാരി ടെക്റ്റര്‍ (14) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ തോല്‍വി ഉറപ്പിച്ചു.

അവിടെ നിന്നുമാണ് ജോര്‍ജ് ഡോക്‌റല്‍-കര്‍ട്ടിസ് കാംപെര്‍ സഖ്യം പോരാട്ടം നയിച്ചത്. 10 ഓവറില്‍ നാലുവിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് സഖ്യം ഒന്നിച്ചത്. തുടക്കത്തില്‍ സിംഗിളുകളും ഡബിളുകളുമായി മുന്നേറിയ ജോഡികള്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയാണ് ജയം സ്വന്തമാക്കിയത്.

32 പന്തില്‍ നിന്ന് 7 ഫോറും 2 സിക്‌സറും അടക്കമാണ് കാംപെറുടെ ഇന്നിംഗ്‌സ്. ജോര്‍ജ് ഡോക്‌റല്‍ 27 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്.

Related Articles

Back to top button