Cricket

അഞ്ചാം വിക്കറ്റില്‍ ഐറിഷ് അത്ഭുതം!! സ്‌കോട്ടിഷ് പടയ്ക്ക് ഞെട്ടല്‍ തോല്‍വി!

അത്ഭുതം!! തോല്‍വിയുടെ വക്കില്‍ നിന്ന് ഫിനീക്‌സ് പക്ഷിയെ പോലെ ഉയിര്‍ത്തണീറ്റ് അയര്‍ലന്‍ഡ്. സ്‌കോട്‌ലന്‍ഡിനെ 5 വിക്കറ്റിന് വീഴ്ത്തി ഐറിഷ് പട ലോകകപ്പില്‍ സൂപ്പര്‍ 12 സാധ്യത നിലനിര്‍ത്തി. രണ്ടുവിക്കറ്റും 72 റണ്‍സും നേടിയ കര്‍ട്ടിസ് കാംപെര്‍ ആണ് കളിയിലെ താരം. 32 പന്തില്‍ നിന്ന് 7 ഫോറും 2 സിക്‌സറും അടക്കമാണ് കാംപെറുടെ ഇന്നിംഗ്‌സ്. ജോര്‍ജ് ഡോക്‌റല്‍ 27 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്.

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇറങ്ങിയ അയര്‍ലന്‍ഡിന് ഒരിക്കല്‍പ്പോലും ജയത്തിലേക്കെന്ന തോന്നല്‍ പോലും ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചില്ല. ടീമിന് തന്നെ ബാധ്യതയായ ക്യാപ്റ്റന്‍ ആന്‍ഡ്രു ബാല്‍ബേണി പതിവുപോലെ കുറച്ചു പന്തുകള്‍ പാഴാക്കിയ ശേഷം പുറത്തായി. 12 പന്തില്‍ 14 റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പോള്‍ സ്റ്റിര്‍ലിംഗ് (8), ലോര്‍ക്കന്‍ ടക്കര്‍ (20), ഹാരി ടെക്റ്റര്‍ (14) എന്നിവരെല്ലാം നിരാശപ്പെടുത്തിയതോടെ തോല്‍വി ഉറപ്പിച്ചു.

അവിടെ നിന്നുമാണ് ജോര്‍ജ് ഡോക്‌റല്‍-കര്‍ട്ടിസ് കാംപെര്‍ സഖ്യം പോരാട്ടം നയിച്ചത്. 10 ഓവറില്‍ നാലുവിക്കറ്റിന് 61 റണ്‍സെന്ന നിലയിലാണ് സഖ്യം ഒന്നിച്ചത്. തുടക്കത്തില്‍ സിംഗിളുകളും ഡബിളുകളുമായി മുന്നേറിയ ജോഡികള്‍ അവസാന ഓവറുകളില്‍ കത്തിക്കയറിയാണ് ജയം സ്വന്തമാക്കിയത്.

ആദ്യം ബാറ്റിംഗിനിറങ്ങിയ സ്‌കോട്‌ലന്‍ഡിന് തുടക്കത്തില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. കഴിഞ്ഞ കളിയിലെ താരം ജോര്‍ജ് മുന്‍സിയെ ഒരു റണ്‍സില്‍ മാര്‍ക്ക് അഡയാറാണ് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്. പിന്നാലെയെത്തിയ മാറ്റ് ക്രോസും (28) ജോണ്‍സും ചേര്‍ന്ന് സ്‌കോട്ടിഷ് ഇന്നിംഗ്‌സിനെ മുന്നോട്ടു നയിച്ചു. കര്‍ട്ടിസ് കാംപെര്‍ ക്രോസിനെ വീഴ്ത്തിയ ശേഷമെത്തിയ റിച്ചി ബാരിംട്ഗണും ജോണ്‍സിന് മികച്ച പിന്തുണ നല്‍കി.

10 ഓവര്‍ പിന്നിട്ട ശേഷമായിരുന്നു ജോണ്‍സ് കത്തിക്കയറിയത്. ടച്ചിലായ ശേഷം ഐറിഷ് ബൗളര്‍മാരെ തലങ്ങും വിലങ്ങും ജോണ്‍സ് അടിച്ചു പറത്തി. ബാരിംഗ്ടണ്‍ (37), ലീസ്‌ക് (17) എന്നിവരും പിന്തുണ നല്‍കിയതോടെ സ്‌കോട്‌ലന്‍ഡ് മികച്ച സ്‌കോറിലെത്തി. 55 പന്തില്‍ 4 സിക്‌സറും 6 ഫോറും അടക്കം 86 റണ്‍സെടുത്ത ജോണ്‍സ് പത്തൊമ്പതാം ഓവറിലാണ് പുറത്തായത്. ലോകകപ്പില്‍ ഒരു സ്‌കോട്‌ലന്‍ഡുകാരന്റെ ഉയര്‍ന്ന സ്‌കോറാണ് ജോണ്‍സിന്റേത്.

Related Articles

Back to top button