Cricket

പരിശീലക സ്ഥാനത്തേക്ക് എന്തുകൊണ്ട് ദ്രാവിഡ് വീണ്ടും അപേക്ഷിച്ചില്ല ? കാരണം വെളിപ്പെടുത്തി ജയ് ഷാ

ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്കു നേടിക്കൊടുത്തതോടെ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനത്തു നിന്നും പടിയിറങ്ങിയിരുന്നു.

വീണ്ടും പരിശീലക സ്ഥാനത്തേക്ക്് അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നു എന്നിരിക്കെയും ദ്രാവിഡ് അതിനു തയ്യാറായില്ല.

ഇപ്പോഴിതാ പരിശീലക സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിക്കാന്‍ രാഹുല്‍ ദ്രാവിഡ് വിസമ്മതിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ.

ആദ്യം ഒരു കളിക്കാരനെന്ന നിലയിലും പിന്നീട് പരിശീലകനായും അഡ്മിനിസ്‌ട്രേറ്ററായും ഇന്ത്യന്‍ ക്രിക്കറ്റിന് ദ്രാവിഡ് നല്‍കിയ പിന്തുണയെ അഭിനന്ദിച്ച ഷാ കുടുംബത്തോടുള്ള പ്രതിബദ്ധത കാരണമാണ് ദ്രാവിഡ് പരിശീലക സ്ഥാനത്ത് തുടരാന്‍ വിസമ്മതിച്ചതെന്ന് പറഞ്ഞു.

കുടുംബ പ്രതിബദ്ധതകള്‍ ചൂട്ടിക്കാട്ടിയാണ് സ്ഥാനമൊഴിയാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തിന്റെ സേവനം നീട്ടികിട്ടാന്‍ ഞാന്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല.

കഴിഞ്ഞ അഞ്ചര വര്‍ഷമായി ഇന്ത്യന്‍ ക്രിക്കറ്റില്‍ രാഹുല്‍ ഭായ് സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൂന്ന് വര്‍ഷം ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ച അദ്ദേഹം തുടര്‍ന്നുള്ള രണ്ടര വര്‍ഷം ഇന്ത്യന്‍ ദേശീയ ടീമിന്റെ മുഖ്യ പരിശീലകന്റെ റോള്‍ ഏറ്റെടുക്കാനും തയ്യാറായി. ഷാ പറഞ്ഞു.

ടീമിന്റെ ടി20 ലോകകപ്പ് വിജയത്തില്‍ രോഹിത് ശര്‍മയുടെ സംഭാവന പോലെ തന്നെ നിര്‍ണായകമായിരുന്നു രാഹുല്‍ ഭായിയുടെ സംഭാവനകള്‍ മുഖ്യ പരിശീലകനെന്ന നിലയില്‍, 2023 ഏകദിന ലോകകപ്പ് ഫൈനലിലേക്ക് ടീമിനെ നയിച്ച ദ്രാവിഡ് അന്നേ പരിശീലകസ്ഥാനം രാജി വയ്ക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബിസിസിയുടെ പ്രത്യേക അഭ്യര്‍ഥന മാനിച്ച് ട്വന്റി20 ലോകകപ്പ് വരെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഷാ കൂട്ടിച്ചേര്‍ത്തു.

2021 നവംബറില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡ്, 2024ലെ ട്വന്റി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക് നേടിക്കൊടുത്ത ശേഷം പടിയിറങ്ങുകയായിരുന്നു. മുഖ്യ പരിശീലകനായി ദ്രാവിഡിന്റെ ആദ്യ ഐസിസി കിരീടമായിരുന്നു ഇത്.

Related Articles

Back to top button