Cricket

പന്ത് ഫുള്‍ടൈം ക്യാപ്റ്റനാവുമോ ? ഡല്‍ഹിയുടെ ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ ഒടുവില്‍ തീരുമാനമായി

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളെ ആവേശ പൂര്‍വം കാത്തിരിക്കുന്ന ക്രിക്കറ്റ് മാമാങ്കമാണ് ഐപിഎല്‍. ഐപിഎല്‍ 2024ന് മാര്‍ച്ച് 22നാണ് തുടക്കമാവുക. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം.

എന്നാല്‍ ആരാധകര്‍ കാത്തിരിക്കുന്ന മത്സരങ്ങളിലൊന്നാണ് ഡല്‍ഹി കാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ളത്. മാര്‍ച്ച് 23ന് വൈകിട്ട് 3.30നാണ് മത്സരം. ഏറെക്കാലമായി പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലും വിശ്രമത്തിലുമായിരുന്ന റിഷഭ് പന്തിന്റെ കളത്തിലെ പ്രകടനം കാണാനാണ് ഏവരും കാത്തിരിക്കുന്നത്.

ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി താരത്തിന് മാച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ താരം ടീമിലേക്ക് ക്യാപ്റ്റനായിത്തന്നെയാണ് തിരിച്ചെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഫ്രാഞ്ചൈസി ഒഫീഷ്യലായി ക്യാപ്റ്റന്‍ സ്ഥാനം പന്തിനെ ഏല്‍പ്പിച്ചത്.

‘റിഷഭ് പന്തിനെ ക്യാപ്റ്റനായി സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിര്‍ഭയത്വവും ഫ്രാഞ്ചൈസിക്ക് എപ്പോഴും അദ്ഭുതമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനായി അദ്ദേഹം കളിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു,’ ഡല്‍ഹി ടീം മാനേജര്‍ പറഞ്ഞു.

2022 ഡിസംബര്‍ 30നാണ് റിഷഭ് പന്തിന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. പിന്നീട് ഇതുവരെ താരം പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. കഴിഞ്ഞ സീസണില്‍ ഓസീസ് സൂപ്പര്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണറായിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഒമ്പതാം സ്ഥാനക്കാരായാണ് ടീം ഫിനിഷ് ചെയ്തത്. ഇക്കുറി റിഷഭ് പന്ത് ക്യാപ്റ്റനായി എത്തുന്നതോടെ സാഹചര്യം മാറുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Related Articles

Back to top button