Cricket

സഞ്ജുവും വാലറ്റവും പൊരുതി; എക്‌സ്ട്രാസ് കേരളത്തെ തോല്‍പ്പിച്ചു!

മുഷ്താഖ് അലി ട്രോഫിയില്‍ മൂന്നു തുടര്‍ ജയത്തിനുശേഷം കേരളത്തിന് ആദ്യ തോല്‍വി. വമ്പന്‍ ടീമുകളെ തോല്‍പ്പിച്ച് മുന്നേറിയ കേരളത്തിന് ഇടര്‍ച്ച സംഭവിച്ചത് സര്‍വീസസിന്റെ മുന്നിലാണ്. 12 റണ്‍സിനാണ് തോല്‍വി. തോറ്റെങ്കിലും ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിക്കാനുള്ള പോരാട്ടത്തില്‍ കേരളം മുന്നില്‍ തന്നെയാണ്.

താരതമ്യേന എളുപ്പ വിജയലക്ഷ്യമായ 149 റണ്‍സിലേക്ക് ബാറ്റുവീശിയ കേരളത്തിന് തിരിച്ചടിയായത് മുന്‍നിരയുടെ ഉത്തരവാദിത്വമില്ലായ്മയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പൊരുതി നോക്കിയെങ്കിലും ജയത്തിലെത്താനായില്ല. സഞ്ജു 26 പന്തില്‍ 30 റണ്‍സെടുത്ത് പുറത്തായി.

കേരളം വഴങ്ങിയ 18 എക്‌സ്ട്ര റണ്‍സുകള്‍ തോല്‍വിക്ക് കാരണമായെന്ന് പറയാം. മൊത്തം 18 എക്‌സ്ട്രാ റണ്‍സുകളില്‍ 15 എണ്ണം വൈഡാണ്. ഈ വൈഡുകള്‍ അവസാന വിശകലത്തില്‍ തോല്‍വിയില്‍ നിര്‍ണായക പങ്കുവഹിച്ചു.

9 ഓവറില്‍ നാലിന് 52 റണ്‍സെന്ന നിലയില്‍ കേരളം പതറി നില്‍ക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. മറുവശത്ത് സച്ചിന്‍ ബേബി താളം കണ്ടെത്താതെ വന്നതോടെ സ്‌കോറിംഗ് താഴ്ന്നു. തുടക്കത്തില്‍ സിംഗിളുകളെടുത്ത് സ്‌ട്രൈക്ക് കൈമാറിയ സഞ്ജു പിന്നെ കൂടുതലായി അറ്റാക്ക് ചെയ്ത് കളിക്കാന്‍ തുടങ്ങി. 104 ല്‍ നില്‍ക്കേ സച്ചിന്‍ ബേബിയും പുറത്തായി. 35 പന്തില്‍ 36 റണ്‍സായിരുന്നു സച്ചിന്റെ സമ്പാദ്യം. പിന്നീട് കാര്യമായ ചെറുത്തുനില്‍പ്പ് നടത്താന്‍ സഞ്ജുവിനും സാധിച്ചില്ല.

ആദ്യം ബാറ്റുചെയ്ത സര്‍വീസസ് വലിയ സ്‌കോറിലേക്ക് പോകുമെന്ന് തോന്നിച്ച ശേഷമാണ് 148 ല്‍ ഒതുങ്ങിയത്. ഒരുഘട്ടത്തില്‍ 16 ഓവറില്‍ നാലു വിക്കറ്റിന് 120 റണ്‍സ് എന്ന നിലയിലായിരുന്നു. 160-170 റണ്‍സിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് തടയാന്‍ കേരളത്തിനായി. കേരളത്തിന് തിരിച്ചടിയായത് 18 എക്‌സ്ട്രകള്‍ എറിഞ്ഞതാണ്. ഇതുകൂടി ഇല്ലായിരുന്നെങ്കില്‍ 130-135 റണ്‍സില്‍ ഒതുക്കാന്‍ സാധിക്കുമായിരുന്നു.

കേരളത്തിനായി വൈശാഖ് ചന്ദ്രനും കെഎം ആസിഫും ബൗളിംഗില്‍ തിളങ്ങി. വൈശാഖ് 4 ഓവറില്‍ 28 റണ്‍സിന് മൂന്നു വിക്കറ്റും ആസിഫ് 31 റണ്‍സിന് രണ്ടു വിക്കറ്റും വീഴ്ത്തി. വിക്കറ്റ് കിട്ടിയില്ലെങ്കിലും ബേസില്‍ തമ്പി 4 ഓവറില്‍ വെറും 22 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 35 പന്തില്‍ 39 റണ്‍സെടുത്ത അന്‍ഷുല്‍ ഗുപ്തയാണ് സര്‍വീസസിന്റെ ടോപ് സ്‌കോറര്‍.

Related Articles

Back to top button