Cricket

സഞ്ജുവിന്റേത് ഔട്ട് തന്നെയോ ? അംപയര്‍ അനന്തപത്മനാഭനോട് ചൂടായി രാജസ്ഥാന്‍ നായകന്‍; വീഡിയോ

ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ 20 റണ്‍സിന്റെ നിര്‍ണായക വിജയം സ്വന്തമാക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു കഴിഞ്ഞിരുന്നു.

ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 222 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് 201 റണ്‍സ് മാത്രമേ നേടാനായുള്ളൂ.

രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജുവിന്റെ വിവാദ പുറത്താകലിന് സാക്ഷ്യം വഹിച്ച മത്സരം കൂടിയായിരുന്നു ഇത്. 46 പന്തില്‍ 86 റണ്‍സുമായി ക്രീസില്‍ നില്‍ക്കെയായിരുന്നു സഞ്ജുവിന്റെ വിവാദ പുറത്താകല്‍.

പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് പറത്തുകയായിരുന്നു. സിക്‌സര്‍ ലക്ഷ്യമാക്കി പറന്ന പന്ത് ബൗണ്ടറിക്ക് അരികില്‍ ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ്പ് കൈയിലൊതുക്കി.

എന്നാല്‍ ഹോപ്പ് പന്ത് കയ്യിലൊതുക്കുന്ന സമയത്ത് ടോബിള്‍റോണില്‍ സ്പര്‍ശിച്ചുവെന്ന വാദമുണ്ട്. ഇല്ലെന്ന് മറുവാദവും. എന്നാല്‍ അതൊന്ന് മറ്റൊരു ആംഗിളില്‍ പരിശോധിക്കാന്‍ തേര്‍ഡ് അംപയര്‍ തയ്യാറായിരുന്നില്ല.

വീണ്ടുമൊരു പരിശോധനയ്ക്ക് നില്‍ക്കാതെ തേര്‍ഡ് അപംയര്‍ വിധി പറഞ്ഞു. സഞ്ജുവിന് മടങ്ങേണ്ടി വന്നു. ഇതിനിടെ സഞ്ജു, മത്സരത്തിലെ ഫീല്‍ഡ് അംപയറും മലയാളിയുമായ അനന്തപത്മനാഭനോട് തര്‍ക്കിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. തേര്‍ഡ് അംപയറുടെ പെട്ടന്നുള്ള തീരുമാനമാണ് സഞ്ജുവിനെ ചൊടിപ്പിച്ചത്.

എന്തായാലും ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച സഞ്ജുവിന്റെ ഈ പുറത്താകല്‍ തന്നെയാണ്.

Related Articles

Back to top button