Cricket

പാക്കിസ്ഥാന്‍ ടീമില്‍ തമ്മിലടി രൂക്ഷം !! താരങ്ങള്‍ രണ്ടു തട്ടിലെന്ന് റിപ്പോര്‍ട്ട്

ട്വന്റി20 ലോകകപ്പില്‍ശ ഇന്ന് ഇന്ത്യയ്‌ക്കെതിരേ കളത്തിലിറങ്ങുന്ന പാക്കിസ്ഥാന്‍ ടീമിന് കല്ലുകടിയായി ടീമിലെ പടലപ്പിണക്കം.

ആദ്യ മത്സരത്തില്‍ അമേരിക്കയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിനു പിന്നാലെയാണ് ഡ്രസിംഗ്‌റൂമിലെ അന്തരീക്ഷം ആകെ കലുഷിതമായത്.

ട്വന്റി20 ലോകകപ്പില്‍ ഏറ്റവും മികച്ച റെക്കോഡുള്ള ടീമുകളിലൊന്നായ പാക്കിസ്ഥാന്‍ അമേരിക്ക പോലെയുള്ള ഒരു ടീമിനോട് തോറ്റത് ആരാധകര്‍ക്ക് സഹിക്കാനായിട്ടില്ല.

പാകിസ്ഥാനിലെ പ്രശസ്ത സ്പോര്‍ട്സ് ജേണലിസ്റ്റായ ഷൊയ്ബ് ജാട്ട് പറയുന്നതനുസരിച്ച്, ടീം ഒരു വിഭജിത രീതിയിലാണ് മുന്നോട്ട് പോകുന്നത്.

ഷഹീന്‍ അഫ്രീദിയും ബാബര്‍ അസമും തമ്മില്‍ സംസാരങ്ങള്‍ നടക്കുന്നില്ല .രണ്ട് താരങ്ങള്‍ക്കിടയില്‍ പാലമായി പ്രവര്‍ത്തിച്ച മുഹമ്മദ് റിസ്വാന്‍ ഇപ്പോള്‍ ഈ ഉദ്യമത്തില്‍ നിന്നു പിന്മാറിയതായും അദ്ദേഹം വെളിപ്പെടുത്തി.

2023ലെ ഏകദിന ലോകകപ്പിന് ശേഷം ബാബറിന് പകരം ഷഹീന്‍ ടി20യില്‍ ക്യാപ്റ്റനായതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം.

പാകിസ്ഥാന്‍ സെമിയില്‍ കടക്കാത്തതിനെ തുടര്‍ന്നാണ് അസം സ്ഥാനം ഒഴിഞ്ഞത്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അഫ്രീദിക്ക് ഉത്തരവാദിത്തം ഏല്‍പ്പിച്ചു, എന്നാല്‍ ബാബറിന് ഈ നീക്കം ഇഷ്ടപ്പെട്ടില്ല, ഷഹീനെ പിന്തുണയ്ക്കാമെന്ന് സമ്മതിച്ചിട്ടും, പുതിയ നായകനോട് അദ്ദേഹത്തിന്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നു.

ഒരു പരമ്പരയ്ക്ക് ശേഷം ഷഹീനെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പിസിബിയുടെ പുതിയ ചെയര്‍മാന്‍ പുറത്താക്കിയപ്പോള്‍, ക്യാപ്റ്റനായി വീണ്ടും നിയമിക്കപ്പെട്ട ബാബര്‍, ഷഹീനോട് ഒന്നും വെളിപ്പെടുത്തിയില്ല.

മുഹമ്മദ് റിസ്വാന്‍ പോലും ഷഹീന്‍ അഫ്രീദിക്ക് പിന്തുണ നല്‍കിയില്ല. ടീമിന്റെ നിലവിലെ മോശം അവസ്ഥയ്ക്ക് കാരണം ബാബര്‍ അസമാണെന്നാണ് പാക്കിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം പരിശീലനവേളയില്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അസം ഖാന്റെ ശരീരവണ്ണത്തെ പരിഹസിച്ച ബാബര്‍ അസമിനെതിരേ ചിലര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

തന്നെ പരിഹസിച്ച ബാബറിനോട് അസം ഖാന്‍ ദേഷ്യത്തോടെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന അസം ഖാനെ ടീമില്‍ നിലനിര്‍ത്തുന്നതില്‍ പല താരങ്ങളും അതൃപ്തരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Back to top button