Cricket

അവിശ്വസനീയം!! ലങ്കന്‍ സിംഹങ്ങളെ നമീബിയന്‍ പോരാളികള്‍ വീഴ്ത്തി!!

ഐസിസി ട്വന്റി-20 ലോകകപ്പിന് നാടകീയ അട്ടിമറിയോടെ തുടക്കം. ഏഷ്യാകപ്പ് ജേതാക്കളായ ശ്രീലങ്കയെ നാണംകെടുത്തി വിട്ടത് ആഫ്രിക്കന്‍ കുഞ്ഞന്മാരായ നമീബിയയാണ്. നമീബിയന്‍ ഇന്നിംഗ്‌സിന്റെ പകുതി മുതല്‍ കളി നിയന്ത്രിച്ച ആഫ്രിക്കക്കാര്‍ 55 റണ്‍സിനാണ് ജയിച്ചു കയറിയത്.

ഏഷ്യാകപ്പിലെ കിരീട നേട്ടവുമായി എത്തിയ ലങ്കയുടെ വഴിയിലായിരുന്നു നമീബിയന്‍ ഇന്നിംഗ്‌സിന്റെ ആദ്യ പകുതി. എന്നാല്‍ രണ്ടാംപകുതി എല്ലാം പിഴച്ചു. ജാന്‍ ഫ്രാന്‍ലിങ്ക് (44)-ജെജെ സ്മിറ്റ് (31) ജോഡികള്‍ ഒന്നിച്ചതോടെ 163 എന്ന ഭേദപ്പെട്ട സ്‌കോറിലെത്താന്‍ നമീബിയയ്ക്കായി.

മറുപടി ബാറ്റിംഗില്‍ തുടക്കം മുതല്‍ ലങ്ക പതറുന്നതാണ് കണ്ടത്. രണ്ടാം ഓവറില്‍ തന്നെ സൂപ്പര്‍ ഫോമിലുള്ള കുശാല്‍ മെന്‍ഡിസ് പുറത്ത്. പിന്നാലെ ഒരു ഘോഷയാത്രയായിരുന്നു. ആര്‍ക്കും ലങ്കന്‍ നിരയില്‍ കാര്യമായ പ്രതിരോധം തീര്‍ക്കാനായില്ല. 20 പന്തില്‍ 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഷനക മാത്രമാണ് എന്തെങ്കിലും ചെയ്തത്.

ഈ ജയത്തോടെ നമീബിയ അടുത്ത റൗണ്ടിലേക്കുള്ള സാധ്യതകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അപ്രതീക്ഷിത തോല്‍വിയോടെ ലങ്കയ്ക്ക് ഇനിയുള്ള മല്‍സരങ്ങളെല്ലാം ജയിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചു. ഈ ലോകകപ്പ് ആവേശമാകുമെന്ന് എന്തായാലും ഉറപ്പായിട്ടുണ്ട്.

Related Articles

Back to top button