Cricket

വിസ നല്‍കില്ലെന്ന് ആവര്‍ത്തിച്ച് യുഎസ്എ!! സൂപ്പര്‍താരം ട്വന്റി20 ലോകകപ്പില്‍ നിന്ന് പുറത്ത്

നേപ്പാളിന്റെ സൂപ്പര്‍ ലെഗ് സ്പിന്നര്‍ സന്ദീപ് ലാമിച്ചനെ ഇത്തവണത്തെ ട്വന്റി20 ലോകകപ്പിനുണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി.

വിസയ്ക്കായുള്ള താരത്തിന്റെ അപേക്ഷ രണ്ടാം തവണയും യുഎസ് അധികൃതര്‍ തള്ളിയതിനെത്തുടര്‍ന്നാണ് ലോകകപ്പില്‍ നിന്ന് മാറി നില്‍ക്കാന്‍ ലാമിച്ചനെ നിര്‍ബന്ധിതനായത്.

കഴിഞ്ഞയാഴ്ച ആദ്യം വിസ നിരസിച്ചതിനെത്തുടര്‍ന്ന് നേപ്പാള്‍ സര്‍ക്കാരും ക്രിക്കറ്റ് അധികൃതരും വിസാ നടപടികള്‍ ഏറ്റെടുത്തു ചെയ്തെങ്കിലും ഫലം ഉണ്ടായില്ല.

‘ആവശ്യമായ മുന്‍കൈകള്‍ സ്വീകരിച്ചിട്ടും… ദേശീയ താരം ലാമിച്ചാനെയ്ക്ക് ലോകകപ്പ് കളിക്കാന്‍ യാത്രാനുമതി (വിസ) നല്‍കാന്‍ യുഎസ് എംബസി തയ്യാറായില്ല’ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

2022ല്‍ 18കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ലാമിച്ചനെയെ നേപ്പാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും ‘തെളിവുകളുടെ അഭാവം’ കാരണം അപ്പീലില്‍ കുറ്റവിമുക്തനാക്കപ്പെടുകയും ക്രിക്കറ്റ് അസോസിയേഷന്‍ അദ്ദേഹത്തെ ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കുകയുമായിരുന്നു.

എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ മാത്രം കുറ്റവിമുക്തനായ ലാമിച്ചനെയെ വിശ്വാസത്തിലെടുക്കാന്‍ യുഎസ് അധികൃതര്‍ തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ വിസാ നിഷേധം.

ഗ്രൂപ്പ് ഡിയിലാണ് നേപ്പാള്‍ കളിക്കുന്നത്. ജൂണ്‍ ഏഴിന് ഡാലസില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയാണ് അവരുടെ ആദ്യ മത്സരം.

ജൂണ്‍ 11 ന് ഫ്ളോറിഡയിലെ ലോഡര്‍ഹില്ലില്‍ ശ്രീലങ്കയെ നേരിടും. ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിലാണ്.

Related Articles

Back to top button