Cricket

ശരാശരി 66, സ്‌ട്രൈക്ക് റേറ്റ് 104! സഞ്ജുവിന്റെ മുന്നില്‍ പന്ത് പോരാ!

റിഷാഭ് പന്താണോ അതോ സഞ്ജു സാംസണ്‍ ആണോ ഇന്ത്യ കൂടുതല്‍ അവസരം കൊടുക്കേണ്ട താരം. കുറച്ചു നാളുകളായി ആരാധകര്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. ഇടംകൈയന്‍ ആണെന്ന ഒരൊറ്റ മുന്‍തൂക്കം മാത്രമാണ് സഞ്ജുവിനേക്കാള്‍ പന്തിനുള്ളത്. അതാകട്ടെ ടീമിന് കാര്യമായ ഗുണം ചെയ്യുന്നതുമില്ല.

സഞ്ജുവിന്റെയും പന്തിന്റെയും ഏകദിന സ്റ്റാറ്റ്‌സിലൂടെ കടന്നു പോയി നോക്കാം. സഞ്ജു ഇതുവരെ കളിച്ചത് 11 ഏകദിനങ്ങള്‍. അടിച്ചത് 330 റണ്‍സ്. 86 ആണ് ഉയര്‍ന്ന സ്‌കോര്‍. 66 റണ്‍സെന്ന ശരാശരിയിലാണ് മലയാളിതാരത്തിന്റെ ബാറ്റിംഗ്. 315 പന്തുകള്‍ നേരിട്ട് സ്‌ട്രൈക്ക് റേറ്റ് 104.76 അദേഹത്തിനുണ്ട്. 11 കളികളില്‍ അഞ്ചിലും നോട്ടൗട്ട് ആണെന്നത് വലിയ കാര്യമാണ്.

ഇനി പന്തിന്റെ കാര്യത്തിലേക്ക് പോകാം. ഇതുവരെ കളിച്ചത് 28 ഏകദിനങ്ങള്‍. നേടിയ റണ്‍സാകട്ടെ 855 മാത്രം. ശരാശരി 43.33 ല്‍ നില്‍ക്കുമ്പോള്‍ സ്‌ട്രൈക്ക് റേറ്റ് 107.55 എന്ന മികച്ച നിലയിലാണ്. എന്നാല്‍ കിട്ടിയ അവസരങ്ങള്‍ പന്ത് കൃത്യമായി ഉപയോഗിച്ചിട്ടുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലെന്ന് തന്നെ പറയാം. ഇത്രയും അവസരങ്ങള്‍ കിട്ടിയ ഒരു താരത്തിന് ഈ നിസര പ്രകടനങ്ങള്‍ ടീമിനെ ഒരു വിധത്തിലും സഹായിക്കാത്തതാണ്.

പന്തിനെ അപേക്ഷിച്ച് കൂടുതല്‍ സ്ഥിരതയുള്ള ബാറ്ററാണ് സഞ്ജു. പല ഘട്ടത്തിലും സഞ്ജു അതു തെളിയിച്ചിട്ടുണ്ട്. പന്ത് മോശം താരമാണെന്നല്ല പറഞ്ഞു വരുന്നത്. സമീപകാല പ്രകടനങ്ങളാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അളവുകോലെങ്കില്‍ പന്തല്ല സഞ്ജുവാണന്നാണ് പറഞ്ഞത്. സഞ്ജുവും പന്തും നേരിടുന്ന പ്രധാന പ്രശ്‌നം ക്ഷമയില്ലായ്മയാണ്.

നിര്‍ണായക ഘട്ടത്തില്‍ പോലും വിക്കറ്റ് കളയാന്‍ ഒരു മടിയുമില്ലാത്ത താരമാണ് പന്ത്. സഞ്ജു പക്ഷേ പന്തിനെ അപേക്ഷിച്ച് കുറച്ചുകൂടി സെന്‍സിബിളായി കളിക്കുന്ന താരമാണ്. കിവീസിനെതിരായ ഈ പരമ്പരയിലെ ബാക്കി മല്‍സരങ്ങളില്‍ മികവ് പ്രകടിപ്പിച്ചാല്‍ സഞ്ജുവിന് ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിര സാന്നിധ്യമാകാന്‍ സാധിക്കും.

Related Articles

Back to top button