Cricket

സാന്റ്‌വിച്ച് മഹാമോശം!! ഇന്ത്യന്‍ ടീമിന് കഴിക്കാന്‍ നല്‍കിയത് മോശം ഭക്ഷണം! വിവാദം

ഐസിസി ട്വന്റി-20 ലോകകപ്പിന് എത്തിയ ഇന്ത്യന്‍ ടീമിന് സിഡ്‌നിയില്‍ ഒരുക്കിയ ഭക്ഷണം മഹാമോശമെന്ന് ടീം ഇന്ത്യയുടെ പരാതി. സിഡ്‌നിയില്‍ പരിശീലന സെഷന് ശേഷം ലഭിച്ച ഭക്ഷണത്തിനെതിരേയാണ് ടീം പരാതി നല്‍കിയത്. ഇക്കാര്യം ഐസിസിയെ നേരിട്ട് അറിയിക്കുകയും ചെയ്തു.

സിഡ്‌നിയില്‍ ഇന്നലെ വൈകിട്ടത്തെ പരിശീലന സെഷനു ശേഷം തണുത്തുറഞ്ഞ ഭക്ഷണമായിരുന്നു കളിക്കാര്‍ക്ക് നല്‍കിയത്. തണുത്ത സാന്റ്‌വിച്ചും കുറച്ചു പഴങ്ങളും മാത്രമായിരുന്നു പരിശീലനത്തിനു ശേഷം നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ചില താരങ്ങള്‍ ഭക്ഷണം ബഹിഷ്‌കരിക്കുകയും ചെയ്തു. പിന്നീട് ടീം ഹോട്ടലില്‍ എത്തിയ ശേഷമാണ് താരങ്ങള്‍ ഭക്ഷണം കഴിച്ചത്.

ലോകകപ്പിന് എത്തുന്ന ടീമുകളുടെയും സപ്പോര്‍ട്ടിംഗ് സ്റ്റാഫിന്റെയും ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് ഐസിസിയാണ്. ഇന്ത്യന്‍ ടീം ഉച്ചയ്ക്ക് ശേഷമുള്ള സമയത്ത് പരിശീലനത്തിന് ഇറങ്ങിയതാണ് ഭക്ഷണം തണുക്കാന്‍ കാരണമെന്നാണ് ഐസിസിയുടെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം തുടങ്ങി.

പാക്കിസ്ഥാനെതിരേ മെല്‍ബണില്‍ ജയിച്ച ശേഷം സിഡ്‌നിയില്‍ അടുത്ത മല്‍സരത്തിനായി എത്തിയ ഇന്ത്യന്‍ ടീമിന് വലിയ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിന് ആളുകള്‍ പരിശീലനം കാണാന്‍ എത്തിയിരുന്നു.

Related Articles

Back to top button