Cricket

ഇന്ത്യയുടെ സെമി ബെര്‍ത്തും മുള്‍മുനയില്‍; പേടിക്കേണ്ടത് 2 കാര്യങ്ങള്‍!!

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അപ്രതീക്ഷിത തോല്‍വിയോടെ ഗ്രൂപ്പ് രണ്ടില്‍ നിന്നും സെമി ഫൈനല്‍ ബെര്‍ത്ത് ഉറപ്പിക്കാന്‍ ഇന്ത്യയ്ക്ക് കഠിനാധ്വാനം വേണ്ടിവരും. നിലവില്‍ 3 കളിയില്‍ നിന്ന് 4 പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്താണ്. എന്നാല്‍ നാലു പോയിന്റുമായി ബംഗ്ലാദേശും 3 പോയിന്റുമായി സിംബാബ്‌വെയും തൊട്ടുപിന്നിലുണ്ട്.

ഇന്ത്യയ്ക്ക് ഇനി ബാക്കിയുള്ളത് രണ്ട് മല്‍സരങ്ങളാണ്. ഒരെണ്ണം ബംഗ്ലാദേശിനെതിരേ. രണ്ടാമത്തേത് സിംബാബ്‌വെയ്‌ക്കെതിരേയും. മെല്‍ബണില്‍ നടക്കുന്ന സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരമാണ് ഇന്ത്യയ്ക്ക് വലിയ ആശങ്ക പകരുന്നത്. കാരണം, മെല്‍ബണില്‍ ഇപ്പോഴും കനത്ത മഴയുണ്ട്. ഈ മല്‍സരം മഴമൂലം ഉപേക്ഷിക്കപ്പെട്ടാല്‍ ഒരു പോയിന്റ് മാത്രമേ കിട്ടുകയുള്ളൂ.

അങ്ങനെ വരുമ്പോള്‍ ബംഗ്ലാദേശിനെതിരായ മല്‍സരം ഇന്ത്യയ്ക്ക് അതിനിര്‍ണായകമാകും. ബംഗ്ലാദേശിനെതിരായ മല്‍സരം മഴമൂലം ഉപേക്ഷിക്കുകയോ തോല്‍ക്കുകയോ ചെയ്താല്‍ സെമി മോഹം ഒരുപക്ഷേ അവസാനിക്കും. ബംഗ്ലാദേശിനെ തോല്‍പ്പിക്കാനായാല്‍ സെമിയിലേക്ക് ഇന്ത്യ കൂടുതല്‍ അടുക്കും. ബംഗ്ലാദേശിനും നാല് പോയിന്റ് ഇപ്പോഴുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ അവര്‍ പിന്നിലാണ്. മാത്രമല്ല, ബംഗ്ലാദേശിന്റെ അവസാന മല്‍സരം ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയുമാണ്.

ഇപ്പോഴത്തെ അവസ്ഥയില്‍ ഗ്രൂപ്പ് രണ്ടില്‍ നിന്നുള്ള സെമിഫൈനല്‍ ചിത്രം അറിയണമെങ്കില്‍ അവസാന മല്‍സരം വരെ കാത്തിരിക്കേണ്ടി വരും. അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന് വരെ അവസാന നാലിലെത്താനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സ് മാത്രമാണ് ഇപ്പോള്‍ പുറത്തായ ഒരേയൊരു ടീം.

Related Articles

Back to top button