Cricket

ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് ഇന്ത്യയ്ക്ക് സംഭവിച്ച ഗ്രൂപ്പ് ദുരന്തം!!

ന്യൂസിലന്‍ഡിനെതിരായ വമ്പന്‍ തോല്‍വി ഒരുപക്ഷേ ഈ ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ സെമി പ്രവേശനത്തിനെ ബാധിച്ചേക്കും. ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ അവസ്ഥ തന്നെ കാരണം. ഇംഗ്ലണ്ട്, അഫ്ഗാന്‍, അയര്‍ലന്‍ഡ്, ശ്രീലങ്ക ടീമുകളാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ഇതില്‍ സെമിയിലേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളില്‍ മുന്നിലുള്ളത് ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് ടീമുകളാണ്.

ഈ ടീമുകള്‍ തന്നെ പരസ്പരം കളിക്കുമ്പോള്‍ ജയിക്കുന്നവര്‍ സെമിയിലെത്താന്‍ കൂടുതല്‍ സാധ്യത വരും. അയര്‍ലന്‍ഡും അഫ്ഗാനിസ്ഥാനും തങ്ങളുടേതായ ദിവസങ്ങളില്‍ അത്ഭുതം കാണിക്കുന്നവരൊക്കെയാണ്. പക്ഷേ തുടര്‍ച്ചയായി മല്‍സരങ്ങള്‍ ജയിക്കാന്‍ അവര്‍ക്ക് സാധ്യത കുറവാണ്.

ഓസ്‌ട്രേലിയയെ ഉദ്ഘാടന മല്‍സരത്തിലെ തോല്‍വി എങ്ങനെ ബാധിക്കുമെന്ന് നോക്കാം. അതിനു മുമ്പ് കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് സംഭവിച്ച ദുരന്തവും നോക്കാം. ഗ്രൂപ്പ് രണ്ടില്‍ ആയിരുന്നു കഴിഞ്ഞ തവണ ഇന്ത്യ. ന്യൂസിലന്‍ഡ്, അഫ്ഗാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളായിരുന്നു ഗ്രൂപ്പിലെ ബാക്കി ടീമുകള്‍.

അനായാസം സെമിയില്‍ ഇന്ത്യ എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പാക്കിസ്ഥാനോട് ആദ്യ മല്‍സരത്തില്‍ തോറ്റതോടെ ഇന്ത്യയുടെ കഷ്ടകാലം തുടങ്ങി. ന്യൂസിലന്‍ഡിനോട് രണ്ടാം മല്‍സരത്തിലും തോറ്റതോടെ ടീം സെമി എത്തില്ലെന്നും ഉറപ്പായി. ബാക്കിയുള്ള ടീമുകളെല്ലാം ദുര്‍ബലരായിരുന്നതാണ് ഇന്ത്യയ്ക്ക് ഈ ഗതി വരാന്‍ കാരണം. കാരണം പാക്കിസ്ഥാനും ന്യൂസിലന്‍ഡും ഇൗ ദുര്‍ബലര്‍ക്കെതിരായ മല്‍സരങ്ങള്‍ അനായാസം ജയിച്ചു.

ഇതേ അവസ്ഥ തന്നെയാണ് ഓസ്‌ട്രേലിയയെയും തുറിച്ചു നോക്കുന്നത്. ഇംഗ്ലണ്ടിനെതിരേ കൂടി തോറ്റാല്‍ അവര്‍ സെമിയിലെത്താനുള്ള സാധ്യത അസ്തമിക്കുമെന്ന് പറയാം. ആരൊക്കെ സെമിയിലെത്തുമെന്ന ചോദ്യത്തിന് ന്യൂസിലന്‍ഡ്-ഓസ്‌ട്രേലിയ മല്‍സരത്തിന് വലിയ പ്രസക്തിയുണ്ടായിരുന്നു. ഈ തോല്‍വി വലിയ സമ്മര്‍ദത്തിലേക്ക് കങ്കാരുക്കളെ നയിക്കും.

 

Related Articles

Back to top button