Cricket

തകര്‍ത്തടിച്ച സഞ്ജു വീണു; കേരളത്തിനും വന്‍വീഴ്ച്ച!

സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ കുതിപ്പ് പ്രീക്വാര്‍ട്ടറില്‍ അവസാനിച്ചു. ക്യാപ്റ്റന്‍ സഞ്ജു സാംസണും സച്ചിന്‍ ബേബിയും ചേര്‍ന്ന് നടത്തിയ പോരാട്ടവും സൗരാഷ്ട്രയെ ജയിക്കാന്‍ കേരത്തെ സഹായിച്ചില്ല. 9 റണ്‍സിനാണ് കേരളത്തിന്റെ തോല്‍വി. 184 റണ്‍സ് തേടിയിറങ്ങിയ കേരള ഇന്നിംഗ്‌സ് 175 റണ്‍സില്‍ അവസാനിച്ചു.

ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ ആറാമനായി ക്രീസിലെത്തി കൊണ്ടിരുന്ന സഞ്ജു മൂന്നാം നമ്പറിലേക്ക് എത്തുന്നതാണ് സൗരാഷ്ട്രയ്‌ക്കെതിരേ കണ്ടത്. അതിന്റെ പ്രതിഫലനം സഞ്ജുവിന്റെ ബാറ്റിലും പ്രതിഫലിച്ചു. നാലോവറില്‍ രണ്ടിന് 31 റണ്‍സെന്ന നിലയില്‍ ക്രീസില്‍ ഒത്തുചേര്‍ന്ന സഞ്ജുവും സച്ചിന്‍ ബേബിയും ചേര്‍ന്ന് കേരളത്തെ മുന്നോട്ടു നയിക്കുകയായിരുന്നു. വെറും 27 പന്തിലായിരുന്നു സഞ്ജുവിന്റെ അര്‍ധശതകം.

കടുംവെട്ടിനേക്കാള്‍ ക്ലാസിക് ശൈലിയിലാണ് സഞ്ജു ബാറ്റുവീശിയത്. സച്ചിനാകട്ടെ സിംഗിളുകളിലൂടെയും ആവശ്യ സമയത്ത് ബൗണ്ടറികള്‍ നേടിയും കണക്കുകൂട്ടല്‍ തെറ്റാതെ കാത്തു. 38 പന്തില്‍ 59 റണ്‍സെടുത്ത സഞ്ജു പോയശേഷം സച്ചിന് ട്രാക്ക് മാറ്റാന്‍ സാധിക്കാത്തത് കേരളത്തിന്റെ പരാജയത്തിന് കാരണമായി.

ആദ്യം ബാറ്റുചെയ്ത സൗരാഷ്ട്രയ്ക്കായി തകര്‍ത്തു കളിച്ചത് 44 പന്തില്‍ 64 റണ്‍സെടുത്ത ഷെല്‍ട്ടണ്‍ ജാക്‌സണ്‍ ആണ്. ചേതേശ്വര്‍ പൂജാര 11 പന്തില്‍ 11 റണ്‍സെടുത്ത് മനു കൃഷ്ണന് മുന്നില്‍ കീഴടങ്ങി. കൊല്‍ക്കത്തയിലാണ് ബാക്കിയുള്ള ടൂര്‍ണമെന്റിലെ മല്‍സരങ്ങളെല്ലാം.

Related Articles

Back to top button