Cricket

സൂപ്പര്‍ സിക്‌സില്‍ സ്റ്റേഡിയത്തില്‍ കളി കണ്ടത് 5 ലക്ഷം പേര്‍! കണക്കുകള്‍ പുറത്ത്

ട്വന്റി-20 ലോകകപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ നടക്കുന്നത്. ആദ്യ റൗണ്ട് മുതല്‍ ത്രില്ലര്‍ മല്‍സരങ്ങളുടെ പെരുമഴയാണ്. സൂപ്പര്‍ 12 ലും ഇതിന് മാറ്റമില്ല. കിരീടം നേടുമെന്ന് ഉറപ്പിച്ചെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് യൂറോപ്യന്‍ കുഞ്ഞന്മാരായ നെതര്‍ലന്‍ഡ്‌സ് മടക്ക ടിക്കറ്റ് നല്‍കിയതില്‍ എത്തി നില്‍ക്കുന്നു അട്ടിമറികള്‍.

ത്രില്ലര്‍ മല്‍സരങ്ങള്‍ക്കെന്ന പോലെ ആരാധകരുടെ സാന്നിധ്യവും ഇത്തവണ ലോകകപ്പിന് മാറ്റു കൂട്ടി. ഓസ്‌ട്രേലിയയുടെയോ ഇന്ത്യയുടെയോ അല്ലാത്ത മല്‍സരങ്ങള്‍ക്കു പോലും കാണികളുടെ വലിയ സാന്നിധ്യം സ്‌റ്റേഡിയത്തില്‍ ഉണ്ടായി. പല മല്‍സരങ്ങളും നിറഞ്ഞ കൈയ്യടികളോടെയാണ് ആരാധകര്‍ ഗ്യാലറിയില്‍ കണ്ടത്. മികച്ച പിച്ചും മൈതാനങ്ങളും ഒരുക്കിയ ക്രിക്കറ്റ് ഓസ്‌ട്രേലിയയും ടൂര്‍ണമെന്റിന്റെ വിജയത്തില്‍ കൈയടി അര്‍ഹിക്കുന്നു.

ഇപ്പോഴിതാ ലോകകപ്പിലെ സൂപ്പര്‍ 12 മല്‍സരങ്ങളുടെ കാണികളുടെ കണക്കുകളും പുറത്തു വന്നിരിക്കുന്നു. ഇതുവരെ അഞ്ചു ലക്ഷത്തിലധികം ആരാധകര്‍ സ്റ്റേഡിയത്തിലെത്തി കളി കണ്ടെന്നാണ് കണക്ക്. ആദ്യ റൗണ്ടിലെ കണക്കു കൂട്ടാതെയാണിത്. ഈ അഞ്ചു ലക്ഷത്തില്‍ 2,90 ലക്ഷം പേര്‍ എത്തിയത് ഇന്ത്യയുടെ മല്‍സരങ്ങള്‍ക്കാണ്.

ഇന്ത്യ-പാക്കിസ്ഥാന്‍ മല്‍സരം തന്നെയാണ് ഏറ്റവുമധികം ആളുകള്‍ സ്റ്റേഡിയത്തിലെത്തി കണ്ടത്. ആരാധകരെ ആകര്‍ഷിക്കാന്‍ ശേഷിയുള്ള ഇന്ത്യ, പാക്കിസ്ഥാന്‍ ടീമുകള്‍ക്കൊപ്പം സെമിയിലെത്തിയ ന്യൂസിലന്‍ഡും ഇംഗ്ലണ്ടും ചേരുന്നതോടെ അവസാന മൂന്ന് പോരാട്ടങ്ങളും ഹൗസ് ഫുള്‍ ആകുമെന്ന് ഉറപ്പായി.

ഇംഗ്ലണ്ടിന്റെ ബാര്‍മി ആര്‍മി ഫാന്‍ ഗ്രൂപ്പിലെ നിരവധി പേര്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ എത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ അയല്‍രാജ്യമായതിനാല്‍ പാക്കിസ്ഥാനെതിരായ സെമി കാണാന്‍ കിവി ആരാധകരുടെ വലിയ സാന്നിധ്യവും പ്രതീക്ഷിക്കാം.

വീണ്ടുമൊരു ഇന്ത്യ-പാക് ഫൈനല്‍ വന്നാല്‍ അത് ഐസിസിക്കും ടിവി സംപ്രേക്ഷകരായ സ്റ്റാര്‍ സ്‌പോര്‍ട്‌സിനും ചാകരയാകുമെന്ന് ഉറപ്പാണ്. ടിവി റേറ്റിംഗിലെ റിക്കാര്‍ഡുകളും ഒരുപക്ഷേ തകര്‍ന്നേക്കും.

Related Articles

Back to top button