Cricket

ആറു പന്തും എറിഞ്ഞിരുന്നെങ്കില്‍ കളി മാറിയേനെ !! അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്കു നേരെ അധിക്ഷേപവുമായി ഒരു വിഭാഗം ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് 18 റണ്‍സിന്റെ വിജയം സ്വന്തമാക്കിയിരുന്നു.

29 പന്തില്‍ അഞ്ച് ഫോറും എട്ടു സിക്‌സും അടക്കം 75 റണ്‍സെടുത്ത നിക്കോളാസ് പൂറന്റെ ബാറ്റിംഗാണ് ലഖ്‌നൗ ഇന്നിംഗ്‌സിന് കരുത്തായത്.

അതില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറിനെതിരെ തുടരെയുള്ള പന്തുകളില്‍ നേടിയ രണ്ട് സിക്‌സുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച.

മത്സരത്തില്‍ ആദ്യ രണ്ട് ഓവറില്‍ 10 റണ്‍സ് മാത്രമാണ് അര്‍ജുന്‍ വിട്ടുനല്‍കിയത്. മാര്‍ക്കസ് സ്റ്റോയിനിസിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയെങ്കിലും റിവ്യൂ പരിശോധനയില്‍ ഔട്ടല്ലെന്ന് തെളിഞ്ഞു.

സച്ചിനില്‍ നിന്ന് വ്യത്യസ്തമായ ആക്രമണോത്സുക സ്വഭാവമാണ് അര്‍ജുന്‍ ഗ്രൗണ്ടില്‍ പുറത്തെടുത്തത്. എന്നാല്‍ മൂന്നാം ഓവറില്‍ പന്തെറിയാനെത്തിയ താരത്തിന് ഓവര്‍ തുടങ്ങും മുമ്പ് മസിലിന് പരിക്കേല്‍ക്കുകയായിരുന്നു.

തുടര്‍ന്ന് വൈദ്യ സഹായം തേടിയ ശേഷമാണ് താരം പന്തെറിഞ്ഞത്. എന്നാല്‍ ആദ്യ പന്ത് ഫുള്‍ടോസ് ആയതോടെ അത് പൂറന്‍ സിക്‌സറിനു പറത്തുകയായിരുന്നു. അര്‍ജുന്‍ എറിഞ്ഞ രണ്ടാം പന്തും ഫുള്‍ടോസായി. അതും ഗാലറിയിലേക്ക് പറന്നതോടെ ഇനി തനിക്ക് എറിയാനാകില്ലെന്ന് വ്യക്തമായ അര്‍ജുന്‍ പിന്മാറുകയായിരുന്നു.

നമന്‍ ദിര്‍ ആണ് ഓവര്‍ പൂര്‍ത്തിയാക്കിയത്. നാലു പന്ത് എറിഞ്ഞ ധിര്‍ 17 റണ്‍സ് വഴങ്ങുകയും ചെയ്തു. ആ ഓവറില്‍ ആകെ പിറന്നത് 29 റണ്‍സാണ്.

ഇപ്പോള്‍ അര്‍ജുന്റെ പിന്മാറ്റമാണ് ഒരു വിഭാഗം ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. അര്‍ജുന്‍ ഓവര്‍ തുടരുകയായിരുന്നുവെങ്കില്‍ എല്ലാ പന്തുകളും സിക്‌സറിനു പറന്നേനേമെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്.

അതേസമയം രണ്ടോവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അര്‍ജുനെ അഭിനന്ദിക്കുന്നവരും കുറവല്ല.

Related Articles

Back to top button