Cricket

ബാറ്റര്‍മാരുടെ ശവപ്പറമ്പായ സ്റ്റേഡിയം പൊളിച്ചു നീക്കുന്നു !! വീഡിയോ വൈറല്‍

ട്വന്റി20 ലോകകപ്പിന്റെ തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയ സ്റ്റേഡിയമായിരുന്നു ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി അന്താരാഷ്ട്ര സ്‌റ്റേഡിയം.

ബാറ്റിംഗ് അതീവ ദുഷ്‌കരമായ പിച്ചില്‍ ബാറ്റര്‍മാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുതലായിരുന്നു. ലോകക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ പോലും ഇവിടെ റണ്‍സ് നേടാന്‍ ബുദ്ധിമുട്ടി.

തുടക്കത്തില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടെങ്കിലും പതിയെപ്പതിയെ ഇവിടെ നടക്കുന്ന മത്സരങ്ങള്‍ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോഴിതാ ഈ സ്റ്റേഡിയം പൊളിച്ചു നീക്കുകയാണ്. ട്വന്റി20 ലോകകപ്പിലെ പ്രധാന വേദികളിലൊന്നാന്നായിരുന്നു ഈ സ്റ്റേഡിയം.

ലോകകപ്പിനായി അഞ്ച് മാസം മുന്‍പ് താത്കാലികമായി തയ്യാറാക്കിയ സ്റ്റേഡിയമാണിത്. ഇന്ത്യയും ആതിഥേയരായ അമേരിക്കയും തമ്മില്‍ നടന്ന പോരാട്ടമായിരുന്നു സ്റ്റേഡിയത്തിലെ അവസാന മത്സരം.

ഗ്രൂപ്പ് ഘട്ടത്തിലെ എട്ട് മത്സരങ്ങളാണ് ഇവിടെ നടന്നത്. ബാറ്റര്‍മാര്‍ക്ക് ഒരു തരത്തിലും വഴങ്ങാത്ത പിച്ചില്‍ ബൗളര്‍മാരുടെ തേരോട്ടമാണ് കണ്ടത്.

സ്റ്റേഡിയം പൊളിക്കാനായി പുറത്ത് നിര നിരയായി ബുള്‍ഡോസറുകള്‍ നിര്‍ത്തിയിട്ടതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. സ്റ്റേഡിയം പൂര്‍ണമായി ഒഴിവാക്കില്ല. പ്രാദേശിക ടീമുകള്‍ക്കും ക്രിക്കറ്റ് പരിശീലിക്കുന്നവര്‍ക്ക് ഗ്രൗണ്ട് ഇനിയും ഉപയോഗിക്കാം.


ട്വന്റി20 ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്കയില്‍ ഈ സ്റ്റേഡിയത്തെ കൂടാതെ മറ്റു രണ്ടു സ്റ്റേഡിയങ്ങളില്‍ കൂടി കളി നടക്കുന്നുണ്ട്. ഡാലസിലെ ഗ്രാന്‍ഡ് പ്രെയറി സ്റ്റേഡിയവും ഫ്‌ളോറിഡയിലെ സെന്‍ട്രല്‍ ബ്രൗവാര്‍ഡ് പാര്‍ക്കുമാണ് മറ്റു സ്റ്റേഡിയങ്ങള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ മാത്രമാണ് ഈ സ്റ്റേഡിയങ്ങളില്‍ കളികള്‍ നടക്കുന്നത്.

Related Articles

Back to top button