Cricket

ബാറ്റിംഗിലും ഫ്‌ളോപ്പ്, കീപ്പിംഗിലും വന്‍ ബാധ്യത!! ഡികെ തുലച്ചത് സിംപിള്‍ ചാന്‍സ്!

ഇത്തവണ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്തപ്പോള്‍ കൂടുതല്‍ വിമര്‍ശനവും അനുകൂല പ്രതികരണങ്ങളും കണ്ടൊരു സെലക്ഷനായിരുന്നു ദിനേഷ് കാര്‍ത്തിക്കിന്റേത്. ഐപിഎല്ലിലെ മികവിന്റെ പുറത്താണ് ഇത്തവണ ഡികെ ടീമിലെത്തിയത്. എന്നാല്‍ അവസാനം കളിച്ച 10 കളികളില്‍ ഒരിക്കല്‍ മാത്രമാണ് കാര്‍ത്തിക്കിന് 20 പിന്നിടാന്‍ പറ്റിയത്.

പാക്കിസ്ഥാനെതിരായ കളിയില്‍ നിര്‍ണായക സമയത്ത് വിക്കറ്റ് കളഞ്ഞു കുളിച്ച് ടീമിനെ തോല്‍വിയുടെ പടിവാതിക്കല്‍ എത്തിച്ചതും ആരാധകര്‍ കണ്ടതാണ്. ഇപ്പോഴിതാ ഡികെയുടെ ബാറ്റിംഗ് മാത്രമല്ല കീപ്പിംഗും വലിയ വിമര്‍ശനത്തിന് വഴിയൊരുക്കിയിരിക്കുന്നു. നെതര്‍ലന്‍ഡ്‌സിനെതിരായ മല്‍സരത്തില്‍ രണ്ടു തവണയാണ് കാര്‍ത്തിക് സ്റ്റംപിംഗ് അവസരം നഷ്ടപ്പെടുത്തിയത്. എതിരാളികള്‍ ഡച്ചുകാരായതു കൊണ്ട് മാത്രം വലിയ പ്രശ്‌നം ഉണ്ടായില്ലെന്ന് മാത്രം.

അക്‌സര്‍ പട്ടേല്‍ എറിഞ്ഞ എട്ടാം ഓവറിലാണ് ആദ്യത്തെ സ്റ്റംപിംഗ് തുലച്ചത്. കോളിന്‍ അക്കെര്‍മാനെ പുറത്താക്കാനുള്ള അവസരം ഡികെയ്ക്ക് പ്രയോജനപ്പെടുത്താനായില്ല. മൂന്ന് ഓവറുകള്‍ക്ക് ശേഷം ഡികെയ്ക്ക് വീണ്ടും പിഴച്ചു. ഇത്തവണയും ബാറ്റര്‍ അക്കെര്‍മാന്‍ തന്നെ. ബൗളര്‍ ആര്‍. അശ്വിനായിരുന്നു. രണ്ട് തവണ ഒരു ബാറ്റ്‌സ്മാന ഒരേ രീതിയില്‍ ജീവന്‍ നല്‍കുകയെന്നത് ട്വന്റി-20യില്‍ ക്രൈം തന്നെയാണ്.

അവസാനത്തെ മൂന്നോ നാലോ ഓവറുകളില്‍ അപകടകാരിയാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് 37കാരനായ കാര്‍ത്തിക് ഇപ്പോഴും ടീമില്‍ തുടരുന്നത്. എന്നാല്‍ ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്ന വിമര്‍ശനം ഡികെയിലേക്ക് നേരിട്ട് എത്തി തുടങ്ങിയിട്ടുണ്ട്.

അടുത്ത മല്‍സരങ്ങളില്‍ കാര്‍ത്തിക്കിന് പകരം റിഷാഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. രാഹുലിനെ മാറ്റി പന്തിനെ ഓപ്പണറാക്കിയാല്‍ ഇടത്-വലത് കോംപിനേഷനും ഇന്ത്യയ്ക്ക് ലഭിക്കുമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

Related Articles

Back to top button