Cricket

ഓസ്‌ട്രേലിയയ്ക്ക് കൂനിന്‍മേല്‍ കുരു; ക്യാംപില്‍ രോഗം പടര്‍ന്നു പിടിക്കുന്നു!

ന്യൂസിലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ ശ്രീലങ്കയെ തോല്‍പ്പിച്ചെങ്കിലും ഓസ്‌ട്രേലിയ ട്വന്റി-20 ലോകകപ്പില്‍ ഇപ്പോഴും സേഫ് സോണില്‍ ആയിട്ടില്ല. ഇനിയൊരു തോല്‍വി കൂടി സംഭവിച്ചാല്‍ കങ്കാരുക്കളുടെ ലോകകപ്പ് സാധ്യത തന്നെ അവസാനിക്കും. ഇപ്പോഴിതാ ഓസ്‌ട്രേലിയന്‍ ക്യാംപില്‍ നിന്ന് ലഭിക്കുന്നത് അത്ര നല്ല വാര്‍ത്തകളല്ല.

കോവിഡ് കേസുകള്‍ ഓസീസ് ക്യാംപില്‍ വര്‍ധിക്കുന്നുവെന്ന വിവരമാണ് മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. ആഡം സാംബയ്ക്ക് ആയിരുന്നു ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. ഇപ്പോള്‍ മാത്യു വെയ്ഡും രോഗബാധിതനായിട്ടുണ്ട്. കോവിഡ് വന്നാലും കളിക്കാന്‍ ഇറങ്ങാമെന്ന ഐസിസി നിര്‍ദേശം ടീമിന് ആശ്വാസം പകരുമെങ്കിലും കൂടുതല്‍ പേര്‍ രോഗ ബാധിതരാകാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

വെയ്ഡിന് ചെറിയ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അടുത്ത മല്‍സരത്തില്‍ കളിക്കാന്‍ ഇറങ്ങുമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയത്. കൂടുതല്‍ താരങ്ങള്‍ രോഗബാധിതരായാല്‍ അതൊരു പക്ഷേ കങ്കാരുക്കളുടെ പ്രകടനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ട്.

ഓസ്‌ട്രേലിയ ഉള്‍പ്പെടുന്ന ഗ്രൂപ്പില്‍ കാര്യങ്ങള്‍ എങ്ങോട്ടു വേണമെങ്കിലും മറിയാമെന്ന അവസ്ഥയിലാണ്. അയര്‍ലന്‍ഡ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതോടെ ഗ്രൂപ്പില്‍ എല്ലാവര്‍ക്കും പുറത്തു പോകാനും സെമിയില്‍ കയറാനും സാധ്യത തുറന്നു കിടക്കുകയാണ്.

Related Articles

Back to top button