Cricket

പന്ത് വേണ്ട സഞ്ജു മതി!! ലോകകപ്പ് പ്ലേയിംഗ് ഇലവനിലെ വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്ത് ഇതിഹാസ താരം

അടുത്ത മാസം നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വിക്കറ്റ് കീപ്പറായി വരേണ്ടത് സഞ്ജു സാംസണെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

അത്യുജ്ജല പ്രകടനം നടത്തുന്ന സഞ്ജു ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടെന്നും ഭാജി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

സഞ്ജു സാംസണും ഋഷഭ് പന്തുമാണ് ട്വന്റി20 ലോകകപ്പില്‍ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍മാര്‍. വാഹനാപകടത്തിലുണ്ടായ പരുക്കുമാറി തിരിച്ചെത്തിയ ഋഷഭ് പന്ത് ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുത്തത്. ഇതേത്തുടര്‍ന്ന് പന്തിനെയും ബിസിസിഐ ടീമിലെടുക്കുകയായിരുന്നു.

”ഐപിഎല്ലില്‍ ഋഷഭ് പന്ത് നന്നായി തന്നെ കളിച്ചിട്ടുണ്ട്. അതു ശരിയാണ്. മികച്ച രീതിയില്‍ കീപ്പിംഗ് ചെയ്യുന്നുമുണ്ട്. എന്നാല്‍ എന്തുകൊണ്ടും പന്തിനേക്കാള്‍ ഗംഭീര പ്രകടനമാണു സഞ്ജുവിന്റേത്. അദ്ഭുതപ്പെടുത്തുന്ന സ്ഥിരതയാണ് സഞ്ജുവിനുള്ളത്.

മുപ്പതോ, നാല്‍പ്പതോ റണ്‍സെടുത്തു പുറത്താകുന്ന പഴയ സഞ്ജുവല്ല ഇത്. അതിനാല്‍ ഋഷഭ് പന്തിനെ ടീമിലെടുക്കുന്നതിന് അധികം ധൃതി കാണിക്കേണ്ടതില്ല.” ഹര്‍ഭജന്‍ പറയുന്നു.

ലോകകപ്പ് ടീമില്‍ നാലു സ്പിന്നര്‍മാരുടെ ആവശ്യമില്ലായിരുന്നെന്നും ഹര്‍ഭജന്‍ പറഞ്ഞു. ”ഇന്ത്യന്‍ ടീമില്‍ നാലു സ്പിന്നര്‍മാരെ ആവശ്യമില്ല. നാലുപേര്‍ ഒരുമിച്ച് എന്തായാലും പ്ലേയിംഗ് ഇലവനില്‍ ഒന്നിച്ച് കളിക്കാന്‍ പോകുന്നില്ല.

ടീമില്‍ കുറവുള്ളത് ഒരു പേസ് ബോളറായിരുന്നു. സ്പിന്നര്‍മാരില്‍ ഒരാളെ മാറ്റിനിര്‍ത്തി വന്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിവുള്ള റിങ്കു സിംഗിനെ എടുക്കാമായിരുന്നു.” ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

13 മത്സരങ്ങള്‍ കളിച്ച ഋഷഭ് പന്ത് 446 റണ്‍സാണ് ഈ ഐപിഎല്ലില്‍ നേടിയത്. ഒരു മത്സരം സസ്‌പെന്‍ഷന്‍ കാരണം താരത്തിനു നഷ്ടമായിരുന്നു.

അതേ സമയം 14 മത്സരങ്ങളില്‍ 504 റണ്‍സ് നേടിയ സഞ്ജു റണ്‍വേട്ടക്കാരില്‍ ഏഴാം സ്ഥാനത്തുണ്ട്. ഏഴ് അര്‍ധ സെഞ്ചുറികളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. ഇന്ന് മികച്ച സ്‌കോര്‍ കണ്ടെത്തിയാല്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത്തെതാനും താരത്തിനാവും.

Related Articles

Back to top button