CricketTop Stories

ചരിത്രം രചിച്ച് അഫ്ഗാന്‍!! സൂപ്പര്‍ ഫോറില്‍

ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ ഫോറില്‍ കടന്നു. നിര്‍ണായക മല്‍സരത്തില്‍ ബംഗ്ലാദേശിനെ 7 വിക്കറ്റിന് വീഴ്ത്തിയാണ് അഫ്ഗാന്‍ കുതിപ്പ്. ഈ തോല്‍വിയോടെ ബംഗ്ലാദേശ്-ശ്രീലങ്ക അവസാന മല്‍സരത്തില്‍ തോല്‍ക്കുന്ന ടീം ടൂര്‍ണമെന്റില്‍ നിന്ന് പുറത്താകും. ഒരുഘട്ടത്തില്‍ 34 പന്തില്‍ നിന്ന് 66 റണ്‍സ് വേണ്ടിയിരുന്ന അഫ്ഗാനെ കാത്തത് നജീബുള്ള സദ്രാന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ്. 17 പന്തില്‍ നജീബുള്ള 43 റണ്‍സെടുത്തു. 6 സിക്‌സറുകളും പറത്തി. ഇബ്രാഹിം സദ്രാന്‍ 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന് മൊസദാക് ഹുസൈന്റെ (50) രക്ഷാപ്രവര്‍ത്തനം ഇല്ലായിരുന്നെങ്കില്‍ ഇന്നിംഗ്‌സ് ദയനീയമായി മാറിയേനെ. രണ്ടാം ഓവറില്‍ മുഹമ്മദ് നയിമിനെ (6) നഷ്ടപ്പെട്ടതു മുതല്‍ ബംഗ്ലാദേശ് ട്രാക്കിലേ ആയിരുന്നില്ല. സഹ ഓപ്പണര്‍ അനാമുള്‍ ഹഖിനെ (5) കൂടി പുറത്താക്കി മുജീബ് റഹ്‌മാന്‍ അഫ്ഗാന് ഗംഭീര തുടക്കം നല്‍കി. തുടര്‍ച്ചയായി മൂന്നോവര്‍ എറിഞ്ഞ മുജീബ് ആദ്യ സ്‌പെല്ലില്‍ ഒന്‍പത് റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയിരുന്നു. മധ്യനിരയില്‍ ഷക്കീബും (11), മുഷ്ഫിക്കുര്‍ റഹീമും അവസരത്തിനൊത്ത് ഉയര്‍ന്നതുമില്ല.

സ്പിന്നര്‍മാര്‍ക്ക് നല്ല ടേണും ബൗണ്‍സും നല്‍കിയ പിച്ചില്‍ ക്യാപ്റ്റന്‍ മുഹമ്മദ് നബി തന്റെ സ്പിന്നര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കുകയും ചെയ്തു. നബി ഒഴികെ പന്തെറിഞ്ഞവരെല്ലാം കാര്യമായി റണ്‍സും വിട്ടു കൊടുത്തില്ല. ബംഗ്ലാദേശിന് തിരിച്ചടിയായത് അവരുടെ ബാറ്റ്‌സ്മാന്മാരുടെ ക്രോസ് ബാറ്റ് ടെക്‌നിക്കായിരുന്നു. മുന്‍നിരയില്‍ മിക്കവരും മടങ്ങിയത് ക്രോസ് ബാറ്റിന് ശ്രമിച്ചാണ്.

ആദ്യ മല്‍സരത്തില്‍ ശ്രീലങ്കയെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിച്ച അഫ്ഗാനിസ്ഥാന് ഇന്ന് ജയിച്ചാല്‍ സൂപ്പര്‍ ഫോറിലെത്താം. ബംഗ്ലാദേശ് തോല്‍ക്കുകയാണെങ്കില്‍ ശ്രീലങ്കയുമായുള്ള അടുത്ത മല്‍സരം സെമി ഫൈനല്‍ പോലെയാകും. ആ മല്‍സരം ജയിക്കുന്നവര്‍ അവസാന നാലിലെത്തും.

Related Articles

Leave a Reply

Back to top button