Cricket

കിവികളെ ഫ്രൈ ചെയ്ത് റഷീദും ഫറൂഖിയും !! അഫ്ഗാനിസ്ഥാനു മുമ്പില്‍ നാണംകെട്ട് ന്യൂസിലന്‍ഡ്

ആദ്യം റഹ്‌മാനുള്ള ഗുര്‍ബാസ് അടിച്ചു തകര്‍ത്തു, പിന്നീട് റഷീദ് ഖാനും ഫസല്‍ഹഖ് ഫറൂഖിയും ചേര്‍ന്ന് എറിഞ്ഞൊതുക്കി. ന്യൂസിലന്‍ഡിനെതിരേയുള്ള അഫ്ഗാനിസ്ഥാന്റെ വിജയത്തെ സിംപിളായി ഇങ്ങനെ പറയാം.

ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ 84 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് അഫ്ഗാന്‍ ന്യൂസിലന്‍ഡിനെതിരേ സ്വന്തമാക്കിയത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് അഫ്ഗാനിസ്ഥാന്‍ വന്‍വിജയം നേടുന്നത്.

നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ 159 റണ്‍സ് എടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 15.2 ഓവറില്‍ വെറും 75 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു.

ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് അഫാഗാനിസ്ഥാനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണിംഗ് വിക്കറ്റില്‍ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റഹ്‌മാനുള്ള ഗുര്‍ബാസ്(80)-ഇബ്രാഹിം സദ്രാന്‍(44) സഖ്യം ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി സമ്മാനിക്കുകയായിരുന്നു.

14-ാം ഓവറിലാണ് അഫ്ഗാനിസ്ഥാന്‍ 100 കടന്നതെങ്കിലും പിന്നീട് ബാറ്റിംഗിന് വേഗം കൂട്ടിയതോടെ ടീം സ്‌കോര്‍ 150 പിന്നിട്ടു. ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ അവസാന ഓവറില്‍ മൂന്നു വിക്കറ്റ് വീണതാണ് അവരെ 170 കടക്കുന്നതില്‍ നിന്നും തടഞ്ഞത്. വെറും മൂന്നു റണ്‍സ്് മാത്രമാണ് അഫ്ഗാന് നേടാനായത്.

ഓപ്പണര്‍മാര്‍ക്കു പുറമേ 13 പന്തില്‍ 22 റണ്‍സെടുത്ത അസ്മത്തുള്ള ഒമര്‍സായിയും മികച്ച പ്രകടനം പുറത്തെടുത്തു.

ന്യൂസിലന്‍ഡിനായി ട്രെന്‍ഡ് ബോള്‍ട്ടും മാറ്റ് ഹെന്‍ റിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

160 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ന്യൂസിലന്‍ഡിന് ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ പിഴച്ചു. ഫസലുള്ള ഫറൂഖിയുടെ പന്തില്‍ ഫിന്‍ അലന്‍ ബൗള്‍ഡ്. അധികം വൈകാതെ സഹ ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ(8)യെയും ഡാരില്‍ മിച്ചലിനെ(5)യും കൂടി ഫറൂഖി മടക്കി.

പിന്നീട് ക്യാപ്റ്റന്‍ റഷീദ് ഖാന്റെയും മുഹമ്മദ് നബിയുടെയും ഊഴമായിരുന്നു.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(9),മാര്‍ക്ക് ചാപ്മാന്‍(4),മൈക്കല്‍ ബ്രേസ് വെല്‍(0),ലോക്കി ഫെര്‍ഗൂസന്‍(2) എന്നിവര്‍ റഷീദിന് ഇരകളായപ്പോള്‍. ടോപ് സ്‌കോറര്‍ ഗ്ലെന്‍ ഫിലിപ്‌സ്(18), മിച്ചല്‍ സാന്റ്‌നര്‍(4) എന്നിവരെ പുറത്താക്കി നബി കരുത്തു കാട്ടി.

ന്യൂസിലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട രണ്ടാമനായ മാറ്റ് ഹെന്‍ റി(12)യെ കരിം ജന്നത്തിന്റെ കൈകളിലെത്തിച്ച് ഫസല്‍ഹഖ് ഫറൂഖി ന്യൂസിലന്‍ഡ് ഇന്നിംഗ്‌സിന് തിരശീല വീഴ്ത്തുമ്പോള്‍ സ്‌കോര്‍കാര്‍ഡില്‍ 75 റണ്‍സ് മാത്രം.

അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് ഒറ്റയ്ക്ക് നേടിയ അത്ര പോലും റണ്‍സ് നേടാന്‍ കടലാസിലെ വമ്പന്മാരായ കിവീസിന് കഴിഞ്ഞില്ല.

56 പന്തില്‍ അഞ്ചു വീതം സിക്‌സും ഫോറും സഹിതം 80 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് കളിയിലെ താരം.

മത്സരത്തില്‍ നിരവധി റെക്കോഡുകളും പിറന്നു. ട്വന്റി20 ലോകകപ്പില്‍ ഓപ്പണിംഗ് വിക്കറ്റില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങളില്‍ 100 വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് സൃഷ്ടിക്കുന്ന രണ്ടാമത്തെ മാത്രം സഖ്യമാണ് ഗുര്‍ബാസും ഇബ്രാഹിമും.

ട്വന്റി20 ലോകകപ്പിലെ ഏറ്റവും വേഗത കുറഞ്ഞ 100 റണ്‍സ് പാര്‍ട്ണര്‍ഷിപ്പാണിത്. ഒരു ട്വന്റി20 ലോകകപ്പ് മത്സരത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന അഫ്ഗാന്‍ ബാറ്റര്‍ എന്ന നേട്ടവും ഗുര്‍ബാസിനു സ്വന്തമായി.

ട്വന്റി20 ലോകകപ്പില്‍ ഒരു ക്യാപ്റ്റന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് റഷീദ് ഖാന്‍ കാഴ്ച വച്ചത്. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയാണ് റഷീദ് നാലു വിക്കറ്റ് നേടിയത്. ന്യൂസിലന്‍ഡിന്റെ മുന്‍ നായകന്‍ ഡാനിയേല്‍ വെട്ടോറി 17 വര്‍ഷം മുമ്പ് കുറിച്ച റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ട്വന്റി20 ലോകകപ്പില്‍ ഒരു ടീമിലെ രണ്ടു താരങ്ങള്‍ നാലു വിക്കറ്റ് വീതം വീഴ്ത്തുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. റണ്‍സ് അടിസ്ഥാനത്തില്‍ ട്വന്റി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ മികച്ച മൂന്നാമത്തെ വിജയമാണിത്.

ഈ തോല്‍വിയോടെ ന്യൂസിലന്‍ഡിന്റെ സൂപ്പര്‍ എട്ട് പ്രതീക്ഷകള്‍ തുലാസിലായിരിക്കുകയാണ്. ഇതോടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ അടുത്ത മത്സരം അവര്‍ക്ക് ജീവന്മരണ പോരാട്ടമായി മാറിയിരിക്കുകയാണ്.

Related Articles

Back to top button