Cricket

കരിയറിലെ ഏറ്റവും വലിയ നിരാശ ആ സംഭവം !! ഇന്നും ആ ഓര്‍മ തികട്ടി വരുന്നെന്ന് ഗൗതം ഗംഭീര്‍

രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് വരാനിരിക്കുന്ന ആളാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം മെന്ററും മുന്‍ ഇന്ത്യന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍.

ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കു വഹിച്ച താരവും കൂടിയാണ് ഈ ഇടങ്കയ്യന്‍ ഓപ്പണര്‍.

ഇപ്പോഴിതാ ഗംഭീര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. 2011ലെ ഏകദിന ലോകകപ്പ് ഫൈനല്‍ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയാത്തതാണ് കരിയറിലെ ഏറ്റവും വലിയ നിരാശയെന്നാണ് ഗംഭീര്‍ തുറന്നു പറയുന്നത്.

അന്ന് വിജയ റണ്‍ നേടാതെ മറ്റൊരു താരത്തിന് ഫിനിഷ് ചെയ്യാന്‍ അവസരം നല്‍കേണ്ടി വന്നത് ശരിയായില്ലെന്ന തോന്നല്‍ അന്നും ഇന്നുമുണ്ടെന്നും ഗംഭീര്‍ വെളിപ്പെടുത്തി.

അന്നത്തെ ഇന്ത്യന്‍ നായകന്‍ എം. എസ്.ധോണി ലോംഗ് ഓണിന് മുകളിലൂടെ പറത്തിയ കൂറ്റന്‍ സിക്‌സറാണ് 2011 ഏകദിന ലോകകപ്പിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ മനസില്‍ പെട്ടെന്നു വരിക.

അതുവരെ തകര്‍ത്ത് കളിച്ചവരെയെല്ലാം ആ ഒരൊറ്റ ഇന്നിങ്‌സിലൂടെ ധോണി പിന്നിലാക്കുകയായിരുന്നു. അക്കൂട്ടത്തില്‍ പെട്ടതിന്റെ നിരാശ പല തവണ ഗൗതം ഗംഭീര്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.

ഇന്ത്യ കിരീടം നേടിയ ഒരു ലോകകപ്പ് ഫൈനലില്‍ ടോപ് സ്‌കോററായിട്ടും വിസ്മൃതിയിലേക്ക് പോകാന്‍ വിധിക്കപ്പെട്ടതായിരുന്നു ഗംഭീറും അദ്ദേഹത്തിന്റെ ഗംഭീര ഇന്നിംഗ്‌സും.

ഫൈനലില്‍ 91 റണ്‍സെടുത്ത ധോണി 97 റണ്‍സെടുന്ന ഗംഭീറിനെ പിന്തള്ളി മാന്‍ ഓഫ് ദ മാച്ചുമായി. ലങ്കയ്‌ക്കെതിരായ മത്സരം ഫിനിഷ് ചെയ്യാന്‍ താന്‍ അഗ്രഹിച്ചിരുന്നുവെന്നും മറ്റൊരാളെ ഫിനിഷ് ചെയ്യാന്‍ വിട്ടത് ശരിയായില്ലെന്ന തോന്നല്‍ തനിക്ക് എപ്പോഴുമുണ്ടെന്നുമാണ് ഗംഭീര്‍ പറയുന്നത്.

അന്ന് വിജയ റണ്‍ നേടാതെ മടങ്ങിയത് കരിയറിലെ വലിയ നിരാശയായി ഇന്നും തുടരുന്നു. ഭൂതകാലത്തേക്ക് പോകാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്കായി ആ വിജയ റണ്‍ താന്‍ നേടിയേനെ എന്നും ഗംഭീര്‍ പറഞ്ഞു.

സെഞ്ചുറിയ്ക്ക് മൂന്നു റണ്‍സ് അകലെയുള്ള ഗംഭീറിന്റെ മടക്കം അന്ന് ഇന്ത്യന്‍ ആരാധകരെയൊന്നാകെ നിരാശരാക്കിയിരുന്നു. വിജയത്തിന്റെ ക്രെഡിറ്റ് ധോണി ഒറ്റയ്ക്ക് അടിച്ചെടുത്തതിന്റെ നിരാശ ധോണിയ്‌ക്കെതിരായ പ്രതികരണങ്ങളായി പലപ്പോഴും ഗംഭീറിന്റെ ഭാഗത്തു നിന്നും പുറത്തു വന്നിട്ടുണ്ട്.

2007ലെ ആദ്യ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ മുത്തമിട്ടപ്പോഴും ഗംഭീര്‍ തന്നെയായിരുന്നു ഫൈനലിലെ ടോപ് സ്‌കോറര്‍. എന്നാല്‍ അന്നും ക്രെഡിറ്റ് ധോണിയ്ക്ക് പോയി. ഇതിന്റെയൊക്കെ നിരാശ ഗംഭീറിന്റെ പല പ്രതികരണങ്ങളിലും പ്രതിഫലിച്ചിരുന്നു.

Related Articles

Back to top button