CricketTop Stories

സിംഗപ്പൂര്‍ താരത്തെ റാഞ്ചി ഓസ്‌ട്രേലിയ!! ടിം ഡേവിഡ് ലോകകപ്പ് ടീമിലും

സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഇടംപിടിച്ച് സിംഗപ്പൂര്‍ താരം ടിം ഡേവിഡും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ സിംഗപ്പൂരിനായി അരങ്ങേറ്റ കുറിച്ചതിന് പിന്നാലെ ഐപിഎല്ലില്‍ അടക്കം താരം കളിച്ചിരുന്നു. ഈ ലീഗുകളിലെ തട്ടുപൊളിപ്പന്‍ പ്രകടനമാണ് ഡേവിഡിന് ഓസീസ് ടീമിലേക്ക് വിളിയെത്താന്‍ കാരണം.

സിംഗപ്പുരിലാണ് ജനിച്ചതെങ്കിലും ഓസ്ട്രേലിയന്‍ വംശജനാണ് ടിം ഡേവിഡ്. അദ്ദേഹത്തിന്റെ പിതാവ് റോഡറിക് ഡേവിഡ് ഓസ്ട്രേലിയന്‍ സ്വദേശിയാണ്. എന്നാല്‍ ജനിച്ചു വളര്‍ന്ന സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറാനായിരുന്നു ആദ്യം താല്‍പ്പര്യം പ്രകടിപ്പിച്ചത്. സിംഗപ്പൂരിനായി 14 ടി20കളില്‍ നിന്ന് 46.5 ശരാശരിയില്‍ 558 റണ്‍സ് ഡേവിഡ് നേടിയിട്ടുണ്ട്.

സിംഗപ്പൂരിന് ടീമുണ്ടെങ്കിലും അവര്‍ അത്ര ശക്തരൊന്നുമല്ല. സമീപകാലത്ത് ചില ജയങ്ങള്‍ നേടിയതും ഏഷ്യാകപ്പിന്റെ യോഗ്യാതറൗണ്ടിന് യോഗ്യത നേടിയതുമെല്ലാം ടിം ഡേവിഡിന്റെ ഒരാളുടെ പ്രകടനത്തിന്റെ പുറത്താണ്. ഡേവിഡ് ടീമില്‍ നിന്ന് മാറിയതോടെ അവരുടെ പ്രകടനം താഴേക്കാകാനും തുടങ്ങി. സിംഗപ്പൂരില്‍ നിന്നാല്‍ രക്ഷപ്പെടില്ലെന്ന തിരിച്ചറിവിലാണ് അദേഹം ഓസ്‌ട്രേലിയയിലേക്ക് പറന്നത്.

കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടി ക്രിക്കറ്റില്‍ ടിം നടത്തിയ മുന്നേറ്റം ആരെയും ആശ്ചര്യപ്പെടുത്തും. ബിഗ് ബാഷ് ടി20 ലീഗില്‍ ഹോബാര്‍ട്ട് ഹരികെയ്‌ന് വേണ്ടി കളത്തിലിറങ്ങിയ ടിം ഡേവിഡ് വെള്ളിടി കണക്കെയുള്ള ഇന്നിംഗ്‌സുകള്‍ കൊണ്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ പ്രകമ്പനം കൊള്ളിച്ച താരമാണ്. പിന്നീട് പാക്കിസ്ഥാനിലെ പിഎസ്എല്ലിലും വിന്‍ഡീസിലെ സിപിഎല്ലിലും പാഡണിഞ്ഞു.

ഡേവിഡിന്റെ കരിയര്‍ തുടങ്ങുന്നത് 2019 സെപ്റ്റംബറില്‍ ലോകകപ്പ് ചലഞ്ച് ലീഗ് എ ടൂര്‍ണമെന്റിനുള്ള സിംഗപ്പൂരിന്റെ ടീമില്‍ ഇടംനേടിയാണ്. 2019 സെപ്റ്റംബര്‍ 17 ന് ക്രിക്കറ്റ് ലോകകപ്പ് ചലഞ്ച് ലീഗ് എ ടൂര്‍ണമെന്റില്‍ ഖത്തറിനെതിരെ സിംഗപ്പൂരിനായി ലിസ്റ്റ് എയില്‍ അരങ്ങേറ്റം. അഞ്ച് മത്സരങ്ങളില്‍ നിന്ന് 369 റണ്‍സ് നേടി. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായി. പിന്നീട് 2019 ഐസിസി ടി 20 ലോകകപ്പ് യോഗ്യതാ ടൂര്‍ണമെന്റിനുള്ള സിംഗപ്പൂരിന്റെ ടീമിലും സ്ഥാനം കണ്ടെത്തി.

സിംഗപ്പൂര്‍ അസോസിയേറ്റ് രാജ്യമായതിനാല്‍ ഒരു രാജ്യത്തിനായി കളിച്ചാല്‍ പിന്നെ മറ്റൊരു രാജ്യത്തിനായി കളത്തിലിറങ്ങാന്‍ മൂന്നു വര്‍ഷം കഴിയണമെന്ന നിയമം ബാധകമല്ല. ടെസ്റ്റ് പദവിയുള്ള രാജ്യത്തിനു വേണ്ടിയായിരുന്നു കളിച്ചിരുന്നതെങ്കില്‍ മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നേനെ ടിം ഡേവിഡിന്. ഈ വര്‍ഷത്തെ ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ പ്രതീക്ഷകള്‍ ഡേവിഡിലാണെന്ന് പറയാനാകും.

Related Articles

Leave a Reply

Back to top button