Cricket

എറിഞ്ഞിട്ട് വൈശാഖ്, അടിച്ചൊതുക്കി അസ്ഹര്‍! കേരളത്തിന് മുന്നില്‍ കര്‍ണാടക തവിടുപൊടി!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ കേരളത്തിന് തകര്‍പ്പന്‍ ജയം. 53 റണ്‍സിനാണ് അതിശക്തരായ കര്‍ണാടകയെ കേരളം വീഴ്ത്തിയത്. ആദ്യ മല്‍സരത്തില്‍ അരുണാചല്‍പ്രദേശിനെ 29 പന്തില്‍ തോല്‍പ്പിച്ച കേരളം രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്തെത്തി.

179 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ബാറ്റിംഗിനിറങ്ങിയ കര്‍ണാടകയ്ക്ക് അപ്രതീക്ഷിത തകര്‍ച്ച സമ്മാനിച്ചത് സ്പിന്നര്‍ വൈശാഖ് ചന്ദ്രന്റെ തകര്‍പ്പന്‍ ബൗളിംഗാണ്. 11 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ വൈശാഖിനു മുന്നില്‍ കര്‍ണാടകയുടെ മുന്‍നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു.

ഒരുഘട്ടത്തില്‍ പോലും ട്രാക്കിലേക്കെത്താന്‍ മനീഷ് പാണ്ഡെയും ദേവ്ദത്ത് പടിക്കലും അടങ്ങിയ കര്‍ണാടക ബാറ്റിംഗ് നിരയ്ക്കായില്ല. ആസിഫ് കെഎം, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍ എന്നിവരും കേരളത്തിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞു.

നേരത്തെ വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമാണ് കേരളത്തിന് തുണയായത്. 47 പന്തില്‍ 95 റണ്‍സെടുത്ത അസ്ഹര്‍ പുറത്താകാതെ നിന്നു. ബാറ്റിംഗ് തുടങ്ങിയ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. രോഹന്‍ കുന്നുമ്മേലും (16), വിഷ്ണു വിനോദും (34) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 45 റണ്‍സാണ്.

പിന്നാലെ ക്രീസിലെത്തിയ അസ്ഹര്‍ കഴിഞ്ഞ വര്‍ഷം നിര്‍ത്തിയിടത്തു നിന്നാണ് തുടങ്ങിയത്. ഐപിഎല്‍ കളിക്കാര്‍ അണിനിരന്ന കര്‍ണാടകയെ തലങ്ങും വിലങ്ങും അടിച്ചു പരത്തി അസ്ഹര്‍. ആരെയും വെറുതെ വിട്ടില്ല.

സച്ചിന്‍ ബേബിയെ മറുവശത്ത് കാഴ്ച്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു അസ്ഹറിന്റെ വെടിക്കെട്ട്. സിംഗിളുകളെടുത്ത് ക്യാപ്റ്റന്‍ ഉറച്ച പിന്തുണയും നല്‍കി. ഗ്യാലറിയിലിരുന്ന് സഞ്ജു സാംസണ്‍ കൈയടികളോടെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. വെറും 47 പന്തില്‍ നിന്ന് 6 സിക്‌സറുകളും 8 ഫോറുകളും ആ ഇന്നിംഗ്‌സിന് ചാരുതയേകി.

Related Articles

Back to top button