Cricket

ഞെട്ടിച്ച് അര്‍ജന്റീന ക്രിക്കറ്റര്‍മാര്‍; മെസിയുടെ നാട്ടുകാര്‍ അടിച്ചുകൂട്ടിയത് പോലും സാധിക്കാത്ത കാര്യം!!

ഫുട്‌ബോളിന്റെ മണ്ണാണ് അര്‍ജന്റീന. അവരുടെ ഓരോ തെരുവിലും ഡീഗോ മറഡോണയെയും ലയണല്‍ മെസിയെയും പോലെ പന്തുതട്ടുന്ന കൗമാരങ്ങളെ കാണാന്‍ സാധിക്കും. അത്രത്തോളം ഫുട്‌ബോളിനെ സ്‌നേഹിക്കുന്നു ഓരോ അര്‍ജന്റീനക്കാരനും.

ഫുട്‌ബോളില്‍ മത്രമല്ല ക്രിക്കറ്റിലും തങ്ങള്‍ക്ക് അത്യാവശ്യം പിടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ വനിതാ ടീം. ചിലിക്കെതിരായ ട്വന്റി-20 പരമ്പരയില്‍ അര്‍ജന്റീനയുടെ തകര്‍പ്പനടി കണ്ട് ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ചിലിക്കെതിരേ അവര്‍ 20 ഓവറില്‍ 427 റണ്‍സാണ് അടിച്ചുകൂട്ടിയത്. അന്താരാഷ്ട്ര സ്റ്റാറ്റസുള്ള മല്‍സരമായിരുന്നു ഇത്. മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് 364 റണ്‍സിന്റെ റെക്കോഡ് വിജയവും സ്വന്തം.

തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അര്‍ജന്റീന നേടിയത് 20 ഓവറില്‍ 427 റണ്‍സാണ്. ഓപ്പണര്‍മാര്‍ ഇരുവരും 350 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം വിക്കറ്റില്‍ സ്ഥാപിച്ചത്.

ഓപ്പണര്‍ ലൂസിയ ടെയ്‌ലര്‍ 27 ഫോറുകളടക്കം 84 പന്തില്‍ നിന്ന് 189 റണ്‍സ് നേടി. കൂടെ ഇറങ്ങിയ ആല്‍ബര്‍ട്ടിന ഗാലന്‍ 84 പന്തില്‍ നിന്ന് 23 ഫോറുകളടക്കം 145 റണ്‍സുമായി പുറത്താവാതെ നിന്നു. 16.5 ഓവര്‍ വരെ ഇരുവരും ബാറ്റ് ചെയ്തു. പിന്നീടാണ് പുറത്താകുന്നത്.

മൂന്നാമതായി ബാറ്റിംഗിന് ഇറങ്ങിയ മരിയ കാസ്റ്റിനൈരസ് 16 പന്തില്‍ 40 റണ്‍സുമായി പുറത്താവാതെ നിന്നു. ഇത്രയും റണ്‍സ് പിറന്നെങ്കിലും ചില രസകരമായ റിക്കാര്‍ഡുകളും മല്‍സരത്തില്‍ ഉണ്ടായി. അര്‍ജന്റീന ഇന്നിങ്‌സില്‍ ഒരു സിക്‌സര്‍ പോലും ഉണ്ടായില്ലെന്നതാണ് അതിലൊന്ന്.

ഒരോവറില്‍ 52 റണ്‍സ് പിറന്നുവെന്നതാണ് മത്സരത്തിലെ മറ്റൊരു അത്ഭുതകരമായ റെക്കോഡ്. ചിലിയുടെ ബോളറായ ഫ്‌ലോറന്‍സിയ മാര്‍ട്ടിനെസാണ് 52 റണ്‍സ് വഴങ്ങിയത്. 17 നോബോളുകള്‍ ഈ ഓവറിലുണ്ടായിരുന്നു.

428 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ചിലി വെറും 63 റണ്‍സിന് എല്ലാവരും പുറത്താവുകയും ചെയ്തു. ഈ 63 റണ്‍സില്‍ 29 എക്‌സ്ട്രാസായിരുന്നു. അതില്‍ 26 എണ്ണവും വൈഡുകളുമായിരുന്നു.

അര്‍ജന്റീനയുടെ ദേശീയ ടീമില്‍ കളിക്കുന്നവരെല്ലാം ആ രാജ്യത്ത് തന്നെ ജനിച്ചു വളര്‍ന്നവരാണ്. മറ്റ് രാജ്യങ്ങളില്‍ കൂടുതലും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കുടിയേറുന്നവരാണ്. ഈ പതിവാണ് അര്‍ജന്റീന തെറ്റിച്ചത്.

ലാറ്റിനമേരിക്കയില്‍ ഏറ്റവും വേഗത്തില്‍ ക്രിക്കറ്റ് വളരുന്ന രാജ്യവും അര്‍ജന്റീനയാണ്. ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ വിജയങ്ങള്‍ പലപ്പോഴും അര്‍ജന്റീനയില്‍ വലിയ വാര്‍ത്തയും ആകാറുണ്ട്. ട്വന്റി-20 ഫോര്‍മാറ്റ് വന്നതോടെ ക്രിക്കറ്റ് കൂടുതല്‍ ജനകീയമായിട്ടുണ്ട്.

Related Articles

Back to top button