Cricket

അമേരിക്കയിലേക്ക് പോയത് കളിക്കാനോ അതോ സുഖിക്കാനോ !! 17 താരങ്ങള്‍ക്കായി ബുക്ക് ചെയ്തത് 60 റൂമുകള്‍; പാക് ടീമിനെതിരേ വിമര്‍ശനം

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടില്‍ ഇടം പിടിക്കാതെ പുറത്തായതിനു പിന്നാലെ പാക് ടീമിനെതിരേ വിമര്‍ശനം അതിശക്തമാവുകയാണ്.

താരങ്ങളുടെ ആഢംബര ജീവിതത്തെ ചോദ്യം ചെയ്ത് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ അതിഖ്-ഉസ്-സമാന്‍.

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അതിഖ് ഗുരുതര വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.

താന്‍ ക്രിക്കറ്റ് കളിച്ച കാലത്ത് ടീമിനൊപ്പം ഒരു പരിശീലകനും മാനേജരുമുണ്ടായിരുന്നു. ടീമിലെ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത് അവരുടെ തീരുമാന പ്രകാരമാണ്.

എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെന്താണ്. 17 താരങ്ങളും 17 മറ്റ് സ്റ്റാഫുകളും ഇത്തവണ അമേരിക്കയില്‍ പോയിരുന്നു.

ഇവര്‍ക്കായി ബുക്ക് ചെയ്തത് 60 റൂമുകളാണ്. നിങ്ങള്‍ അമേരിക്കയിലേക്ക് പോയത് ക്രിക്കറ്റ് കളിക്കാനാണോ അതോ അവധിക്കാലം ആസ്വദിക്കാനാണോയെന്നും അതിഖ് ചോദിക്കുന്നു.

ഇത്തരം വലിയൊരു ടൂര്‍ണമെന്റില്‍ താരങ്ങളുടെ കുടുംബത്തെയും കൂടെ അനുവദിച്ചത് എന്തിനാണ്.

ഇത്തരമൊരു സംസ്‌കാരം പാകിസ്താന്‍ ക്രിക്കറ്റില്‍ ഉണ്ടായിരിക്കുന്നു. ഭക്ഷണം കഴിക്കാനും ഉല്ലാസയാത്രകള്‍ക്കുമാണ് അവര്‍ സമയം ചിലവഴിച്ചത്. ആര്‍ക്കും അച്ചടക്കം എന്തെന്ന് അറിയില്ല.

രണ്ടാഴ്ച ക്രിക്കറ്റില്‍ മാത്രം ശ്രദ്ധിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. എന്നിട്ടും ഓരോ വര്‍ഷവും കോടികള്‍ താരങ്ങള്‍ പ്രതിഫലമായി വാങ്ങുന്നുവെന്നും അതിഖ് കുറ്റപ്പെടുത്തി.

പാക്കിസ്ഥാന്‍ ടീമിനെതിരേ തുറന്നടിച്ച് മുഖ്യ പരിശീലകന്‍ ഗാരി കിര്‍സ്റ്റന്‍ തന്നെ രംഗത്തെത്തിയിരുന്നു. ടീമില്‍ പടലപ്പിണക്കങ്ങളുണ്ടെന്നും ആര്‍ക്കും യാതൊരു അച്ചടക്കവുമില്ലെന്നും കിര്‍സ്റ്റന്‍ തുറന്നടിച്ചിരുന്നു.

തന്നെ പരിഹസിച്ച പാക് ആരാധകനെ പേസര്‍ ഹാരിസ് റൗഫ് തല്ലാനോടിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

Related Articles

Back to top button