Football

റോണോയ്ക്ക് 1000 ഗോളിലേക്ക് ഇനി എത്രനാള്‍…? ലക്ഷ്യം വെളിപ്പെടുത്തി കണക്കുകൂട്ടല്‍ ഇങ്ങനെ!!

പോര്‍ച്ചുഗല്‍ ഇതിഹാസ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 1000 ഗോള്‍ എന്ന ചരിത്ര നേട്ടത്തിലേക്ക് അടുക്കുന്നു. കരിയറില്‍ 1000 ഗോള്‍ തികയ്ക്കുന്ന ആദ്യ ഫുട്ബോളര്‍ എന്ന ചരിത്ര നേട്ടത്തിലേക്കുള്ള അകലം ദിനംപ്രതി കുറയ്ക്കുകയാണ് സിആര്‍7 എന്നതാണ് വാസ്തവം.

രാജ്യാന്തര ഫുട്ബോളിലും ക്ലബ് തലത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന റിക്കാര്‍ഡ് സ്ഥിരമായി പുതുക്കുന്ന റൊണാള്‍ഡോയ്ക്ക് 1000 ഗോള്‍ എന്ന ഐതിഹാസിക നേട്ടത്തിലേക്ക് ഇനി എത്രനാള്‍ കൂടി വേണ്ടിവരും…? സിആര്‍7 ആരാധകര്‍ ഈ നാഴികക്കല്ലിനായുള്ള കാത്തിരിപ്പിലാണ്…

2024 യൂറോ യോഗ്യതാ ഫുട്ബോളില്‍ സ്ലോവാക്യയ്ക്കെതിരായ ഇരട്ട ഗോളിലൂടെ രാജ്യാന്തര ഫുട്ബോളില്‍ റൊണാള്‍ഡോയുടെ ഗോള്‍ സമ്പാദ്യം 125 ആയി. ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരം (202) എന്ന റിക്കാര്‍ഡും ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോള്‍ എന്ന റിക്കാര്‍ഡും റോണോ പുതുക്കി.

പോര്‍ച്ചുഗല്‍ താരം തന്റെ 1000 ഗോള്‍ എന്ന സ്വപ്നം വെളിപ്പെടുത്തി എന്നതും ശ്രദ്ധേയം. സ്ലോവാക്യയ്ക്ക് എതിരായ മത്സരശേഷമാണ് 1000 ഗോള്‍ എന്ന തന്റെ സ്വപ്നം റൊണാള്‍ഡോ തുറന്നു പറഞ്ഞത്. തന്റെ കാലുകളും ആരോഗ്യവും അനുവദിച്ചാല്‍ 1000 ഗോള്‍ തികയ്ക്കും. അതിന് ആദ്യം 900ത്തില്‍ എത്തണം. അതാണ് ആദ്യ ലക്ഷ്യം – റൊണാള്‍ഡോ പറഞ്ഞു.

ക്ലബ് തലത്തില്‍ 732ഉം രാജ്യാന്തര തലത്തില്‍ 125ഉം ഉള്‍പ്പെടെ 857 ഗോളാണ് റൊണാള്‍ഡോയ്ക്ക് ഉള്ളത്. അതായത് 1000 ഗോളിലേക്ക് 143 ഗോളിന്റെ അകലം മാത്രം. 2023ല്‍ പോര്‍ച്ചുഗലിനായി ഇതുവരെ ഏഴ് ഗോള്‍ റൊണാള്‍ഡോ സ്വന്തമാക്കി.

ക്ലബ് തലത്തില്‍ 2023-24 സീസണില്‍ 17 ഗോളും റൊണാള്‍ഡോയ്ക്ക് ഉണ്ട്. അടുത്ത മൂന്ന് വര്‍ഷം/സീസണില്‍ ശരാശരി 48 ഗോള്‍ വീതം നേടിയാല്‍ 1000 ഗോള്‍ എന്ന ഐതിഹാസിക നേട്ടം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സ്വന്തമാക്കാം.

2004-05, 2005-06, 2006-07, 2007-08, 2008-09, 2010-11, 2011-12, 2012-13, 2013-14, 2014-15, 2015-16 എന്നിങ്ങനെ 11 സീസണുകളില്‍ 48ല്‍ അധികം ക്ലബ് ഗോളുകള്‍ സിആര്‍7 നേടിയിരുന്നു. 2023-24 സീസണില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിക്കുവേണ്ടി ഇതുവരെ 17 മത്സരങ്ങളില്‍ 17 ഗോള്‍ റൊണാള്‍ നേടിയിട്ടുണ്ട്.

ഈ ഫോം നിലനിര്‍ത്താന്‍ സാധിച്ചാല്‍ 2023-24 സീസണില്‍ 50 ഗോള്‍ റൊണാള്‍ഡോ തികയ്ക്കും. അങ്ങനെയെങ്കില്‍ ഫോം നിലനിര്‍ത്തിയാല്‍ വരുന്ന മൂന്ന് സീസണിനുള്ളില്‍ 1000 ഗോളിലേക്ക് റൊണാള്‍ഡോ എത്തും. ആ ദിനത്തിനായുള്ള കാത്തിരിപ്പിലാണ് സിആര്‍7 ആരാധകര്‍…

Related Articles

Back to top button