Cricket

പരിശീലനത്തിനിറങ്ങാതെ റിഷഭ് പന്ത് ? സഞ്ജു അഫ്ഗാനിസ്ഥാനെതിരേ കളത്തിലിറങ്ങാന്‍ സാധ്യത; റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

ട്വന്റി20 ലോകകപ്പില്‍ സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിനായി ഇന്ത്യ നാളെ കളത്തിലിറങ്ങും. അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍.

മത്സരത്തിനു മുന്നോടിയായി തീവ്രപരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍. ഇന്നലെ ഇന്ത്യയുടെ മിക്ക താരങ്ങളും നെറ്റ്സില്‍ പരിശീലനം നടത്തി. അഫ്ഗാന്‍ മികച്ച ടീമായതിനാല്‍ മികച്ച തയ്യാറെടുപ്പുകളോടെയാവും ഇന്ത്യ കളത്തിലിറങ്ങുക.

ഇന്ത്യയുടെ മിക്ക താരങ്ങളും ഇന്നലെ നടന്ന പരിശീലനത്തില്‍ പങ്കെടുത്തെങ്കിലും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ അസാന്നിദ്ധ്യം ശ്രദ്ധേയമായി.

ഇതേത്തുടര്‍ന്ന് ചോദ്യങ്ങളുയരുകയും ചെയ്തു. റിഷഭിന് പരിക്കാണെന്ന തരത്തില്‍ അഭ്യൂഹം പരക്കുന്നുമുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നുമില്ല.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമടക്കമുള്ളവര്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ടൂര്‍ണമെന്റിലുടനീളം മൂന്നാം നമ്പരില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയത് റിഷഭ് പന്താണ്.

താരതമ്യേന മികച്ച പ്രകടനവും പന്ത് കാഴ്ച വയ്ക്കുന്നുണ്ട്. അഫ്ഗാനെതിരേയും റിഷഭിന്റെ പ്രകടനം ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് റിഷഭ് പരിശീലനത്തിന് ഇറങ്ങാതിരുന്നത് ഇന്ത്യന്‍ ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നത്.

സൂപ്പര്‍ എട്ടിന് മുമ്പ് ചില ആശങ്കകളുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തുറന്ന് പറഞ്ഞിരുന്നു. ഇത് റിഷഭിന്റെ പരിക്കാണോയെന്നാണ് ആരാധകര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

റിഷഭിന് കളിക്കാന്‍ സാധിക്കാതെ പോയാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവും. പന്തിന് വിശ്രമം വേണ്ടി വന്നാല്‍ പകരക്കാരനായി സഞ്ജു സാംസണ്‍ അന്തിമ ഇലവനില്‍ ഇടംപിടിക്കും.

സഞ്ജുവിനെ ഇന്ത്യ കളിപ്പിക്കണമെന്ന ആവശ്യം സജീവമായി ഉയരുന്നുമുണ്ട്. റിഷഭിനെക്കൂടാതെ സ്‌ക്വാഡിലുള്ള ഏക വിക്കറ്റ് കീപ്പര്‍ സഞ്ജുവാണ്.

നെറ്റ്സില്‍ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ജു പരിശീലനം നടത്തുന്ന വീഡിയോ വൈറലാണ്.

വെസ്റ്റ് ഇന്‍ഡീസിലെ സാഹചര്യങ്ങളോടു ചേരുന്ന കളി ശൈലിയ്ക്കുടമയായ സഞ്ജു സ്പിന്നിനെതിരേ മികച്ച റെക്കോഡുള്ള താരവുമാണ്.

അതേസമയം റിഷഭ് പന്ത് കളിക്കുകയാണെങ്കില്‍ പതിവു പോലെ ബെഞ്ചില്‍ തന്നെയാവും സഞ്ജുവിന്റെ സ്ഥാനം. കഴിഞ്ഞ മത്സരത്തില്‍ ശിവം ദുബെ അവസരോചിതമായ പ്രകടനം കാഴ്ചവച്ചതോടെ സൂപ്പര്‍ എട്ടിലും ഇലവനില്‍ ദുബെ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

നെറ്റ്സ് പരിശീലനത്തിനിടെ സൂര്യകുമാര്‍ യാദവിന് പരിക്കേറ്റിരുന്നു. എന്നാല്‍ അല്‍പ്പനേരം വിശ്രമിച്ച ശേഷം താരം പരിശീലനം പുനരാരംഭിച്ചുവെന്നാണ് ഇന്‍സൈഡ് സ്പോര്‍ട്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

സൂര്യകുമാര്‍ യാദവിന് കളിക്കാനാകാതെ വന്നാലും സഞ്ജുവിന് നറുക്കു വീഴും. അഫ്ഗാന്‍ ന്യൂസീലന്‍ഡിനെയടക്കം തോല്‍പ്പിച്ചാണ് സൂപ്പര്‍ എട്ടിലേക്കെത്തുന്നത്.

മികച്ച ബൗളിംഗ് നിരയാണ് അഫ്ഗാന്റേത്. 12 വിക്കറ്റ് നേടിയ ഫസല്‍ഹഖ് ഫറൂഖിയാണ് ടൂര്‍ണമെന്റില്‍ ഇതുവരെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ താരം. 167 റണ്‍സ് നേടിയ അഫ്ഗാന്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസ് റണ്‍വേട്ടക്കാരില്‍ ഒന്നാമതുണ്ട്.

ഇന്ത്യയും മികച്ച ഫോമിലാണെങ്കിലും സ്പിന്നിന് അനുകൂലമായ സാഹചര്യം ഉള്ളതിനാല്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവ് ടീമില്‍ ഇടംപിടിക്കാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button