ISLTop Stories

ലോകകപ്പിനിടെ ഐഎസ്എല്‍ തുടരാന്‍ തീരുമാനിച്ചതിന് പിന്നില്‍ ക്ലബുകളുടെ സമ്മര്‍ദം!

ഫിഫ ലോകകപ്പ് നടക്കുന്ന ഒരു മാസക്കാലം ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ഇടവേള നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചപ്പോള്‍ ലോകകപ്പിന് വേണ്ടി ഇടവേള കൊടുക്കാന്‍ സംഘാടകര്‍ തയാറായതുമില്ല. ആരാധകരെല്ലാം ലോകകപ്പിന് കൂടുതല്‍ പ്രാധാന്യം നല്‍കിയേക്കുമെന്ന ആശങ്ക ഉണ്ടെങ്കിലും തീരുമാനം മാറ്റാന്‍ സംഘാടകര്‍ തയാറാകാതിരുന്നതിന് കാരണം ക്ലബുകളുടെ സമ്മര്‍ദമാണെന്ന് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ക്ലബ് ഒഫീഷ്യല്‍സിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോകകപ്പ് സമയത്ത് ഐഎസ്എല്ലിന് ഇടവേള വേണ്ടെന്ന് ക്ലബുകളെല്ലാം ഒറ്റക്കെട്ടായി സംഘാടകരോട് ആവശ്യപ്പെട്ടു. ഒരു മാസത്തോളം കളിയില്ലാതിരിക്കുന്നത് ലീഗിന്റെ തുടര്‍ച്ചയെ ബാധിക്കും. മാത്രമല്ല, ക്ലബുകള്‍ക്ക് വലിയ തോതില്‍ ചെലവ് വര്‍ധിക്കുകയും ചെയ്യും. കളിക്കാരുടെ താമസത്തിനും ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമായി കോടികളാണ് ഓരോ ക്ലബും ചെലവഴിക്കുന്നത്.

ഇത്തരത്തില്‍ ഒരുമാസം താരങ്ങള്‍ക്ക് ഓഫ് കൊടുത്താല്‍ ലീഗ് അവസാനിക്കുന്നത് വീണ്ടും താമസിക്കും. ക്ലബുകളുടെ ബജറ്റ് വര്‍ധിക്കുകയും ചെയ്യും. ഐഎസ്എല്‍ ടീമുകളില്ലൊന്നും തന്നെ ലോകകപ്പിന് യോഗ്യത ടീമിലെ കളിക്കുന്നില്ലാത്തതിനാല്‍ ലീഗ് നിര്‍ത്തി വയ്‌ക്കേണ്ട കാര്യമില്ലെന്ന് ക്ലബ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഒരു കളിയുമില്ലാതെ ഒരു മാസം കളിക്കാര്‍ എന്തു ചെയ്യണം? മറ്റ് പല ലീഗുകളും ലോകകപ്പ് സമയത്ത് നടക്കുന്നുണ്ട്. പിന്നെന്തിനാണ് നമ്മള്‍ നിര്‍ത്തിവയ്ക്കുന്നത്?

ആരാധകര്‍ സ്റ്റേഡിയത്തിലേക്ക് വരാനുള്ള സാധ്യത കുറഞ്ഞേക്കാം. എന്നു കരുതി ലീഗ് നിര്‍ത്തിവച്ചാല്‍ അത് ഇരട്ടി ബാധ്യത ക്ലബുകള്‍ക്ക് സൃഷ്ടിക്കുമെന്ന് ഒരു ടീമിന്റെ ഒഫീഷ്യല്‍ പേരു വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയോടെ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

ഒക്ടോബര്‍ ഏഴിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ കഴിഞ്ഞ സീസണിലെ റണ്ണേഴ്സപ്പായ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിട്ട് കൊണ്ടാകും സീസണ്‍ ആരംഭിക്കുക. കൂടുതല്‍ മത്സരങ്ങള്‍ വാരാന്ത്യങ്ങളില്‍ നടക്കുന്ന രീതിയില്‍ ആണ് ഫിക്‌സ്ചറുകള്‍.

വ്യാഴാഴ്ചയ്ക്കും ഞായറിനും ഇടയിലാണ് ഒരോ മാച്ച് വീക്കും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ഈ സീസണ്‍ മുതല്‍ ഐഎസ്എല്‍ ലീഗിനായി ഒരു പുതിയ പ്ലേഓഫ് ഫോര്‍മാറ്റും അവതരിപ്പിച്ചിട്ടുണ്ട്. 2020 മുതല്‍ ഗോവയിലെ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മാത്രമായി നടന്ന ഐഎസ്എല്‍ പോരാട്ടം ഇത്തവണ കോവിഡിന് മുന്‍പുണ്ടായിരുന്ന ഹോം എവേ ഫോര്‍മ്മാറ്റില്‍ നടക്കും എന്നതും ശ്രദ്ധേയമാണ്.

Related Articles

Leave a Reply

Back to top button