CricketTop Stories

ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് ലങ്കന്‍ പുലികളുടെ ഗര്‍ജനം!!

ഹോ! എന്താ ആവേശം. ഓരോ പന്തിലും ജയസാധ്യതകള്‍ മാറിമാറിയൊരു മല്‍സരം. ഏഷ്യാ കപ്പിലെ മറ്റൊരു ത്രില്ലറില്‍ ബംഗ്ലാദേശ് കടുവകളെ തകര്‍ത്തെറിഞ്ഞ് ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. അവസാന ഓവര്‍ വരെ അടിക്ക് തിരിച്ചടി കണ്ട മല്‍സരം ക്രിക്കറ്റ് ആരാധകര്‍ക്കൊരു വിരുന്നായി മാറി. ബംഗ്ലാദേശിനെ 2 വിക്കറ്റിനാണ് ലങ്ക വീഴ്ത്തിയത്. കളിക്കു മുമ്പ് ഇരു ടീമിലെയും കളിക്കാര്‍ തമ്മിലുള്ള വാക്‌പോരു കൊണ്ട് തന്നെ മല്‍സരം വലിയ ശ്രദ്ധ നേടിയിരുന്നു.

വന്‍ ലക്ഷ്യത്തിലേക്ക് ബാറ്റു വീശാന്‍ ഇറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. പതും നിസന്‍ങ്കയും (20) കുശാല്‍ മെന്‍ഡിസും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 45 റണ്‍സെടുത്തു. എന്നാല്‍ അരങ്ങേറ്റ മല്‍സരം കളിക്കുന്ന എബാദത് ഹൊസൈന്‍ വന്നതോടെ കളി മാറി. ആറാം ഓവറില്‍ നിസന്‍ങ്കയെയും ചരിത അസലന്‍ങ്കയെയും (1) പുറത്താക്കി ബംഗ്ലാദേശിനെ ട്രാക്കിലെത്തിച്ചു. വിക്കറ്റ് നഷ്ടപ്പെടാതെ 45 റണ്‍സില്‍ നിന്ന് നാലു വിക്കറ്റിന് 77 റണ്‍സിലേക്ക് ലങ്ക വീണത് പെട്ടെന്നായിരുന്നു.

ഗംഭീരമായി കളിച്ച കുശാല്‍ മെന്‍ഡിസിനൊപ്പം ക്യാപ്റ്റന്‍ ദസന്‍ ശനക വന്നതോടെയാണ് കളി വീണ്ടും ലങ്കയിലുടെ കൈയിലേക്ക് വന്നത്. ഇരുവരും ബംഗ്ലാ ബൗളര്‍മാരെ കടന്നാക്രമിച്ചു. ഇതിനിടെ 37 പന്തില്‍ 60 റണ്‍സെടുത്ത മെന്‍ഡിസ് തസ്‌കിന്‍ അഹമ്മദിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്തായി. നാലു ഫോറും മൂന്നു സിക്‌സറും പുറത്താകും മുമ്പ് മെന്‍ഡിസ് നേടിയിരുന്നു.

വഹിന്ദു ഹസരങ്കയും (2) കാര്യമായി തിളങ്ങാതെ പോയതോടെ ക്യാപ്റ്റന്‍ ശനക ഒറ്റയ്ക്കായി. 45 റണ്‍സെടുത്ത് ശനക പുറത്തായെങ്കിലും കരുണരത്‌നെ കൂട്ടുകാരെ ഒപ്പം കൂട്ടി ലക്ഷ്യത്തിലേക്ക് നീങ്ങി. 19 മത്തെ ഓവറില്‍ എബാദത് ഹൊസൈന്‍ 17 റണ്‍സ് വിട്ടു കൊടുത്തത് ബംഗ്ലാദേശിന് പണിയായി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന് തുടക്കം അത്ര നല്ലതായിരുന്നില്ല. ഓപ്പണര്‍ സാബിര്‍ റഹ്‌മാനെ (5) തുടക്കത്തിലേ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മെഹ്ദി ഹസനും നായകന്‍ ഷാക്കീബ് അല്‍ ഹസനും ചേര്‍ന്ന് പിന്നീട് ബാംഗ്ലദേശിനെ മുന്നോട്ടു കൊണ്ടുപോയി. മെഹ്ദി ഹസന്‍ 26 പന്തുകളില്‍ നിന്ന് രണ്ടു വീതും ഫോറും സിക്സും സഹിതം 38 റണ്‍സ് നേടിയപ്പോള്‍ 22 പന്തുകളില്‍ നിന്നു മൂന്നു ബൗണ്ടറികളോടെ 24 റണ്‍സാണ് ഷാക്കീബ് നേടിയത്.

പിന്നീട് ബാറ്റിങ് തകര്‍ച്ച നേരിടുമെന്നു കരുതിയ ബംഗ്ലാദേശിനെ അഫീഫ് ഹൊസൈനാണ് രക്ഷിച്ചത്. ആദ്യ ഷാക്കീബിനൊപ്പം 24 റണ്‍സ് കൂട്ടിച്ചേര്‍ത്ത അഫീഫ് പിന്നീട് മഹ്‌മദുള്ളയ്ക്കൊപ്പം അഞ്ചാം വിക്കറ്റില്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു ടീമിനെ മാന്യമായ സ്‌കോറില്‍ എത്തിച്ചു.

22 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും രണ്ടു സിക്സറുകളും സഹിതം 39 റണ്‍സ് നേടി അഫീഫ് ടീമിന്റെ ടോപ് സ്‌കോററുമായി. മഹ്‌മദുള്ള 22 പന്തുകളില്‍ നിന്ന് ഒന്നു വീതം ഫോറും സിക്സും പായിച്ച് 27 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.

Related Articles

Leave a Reply

Back to top button