ISLTop Stories

സീസണിന് മുമ്പ് കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്

യുഎഇ പ്രീസീസണ്‍ കഴിഞ്ഞെത്തിയ ശേഷം കൂടുതല്‍ പരിശീലന മല്‍സരങ്ങള്‍ കളിക്കാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. അടുത്ത മാസം ഏഴിനാണ് ഐഎസ്എല്‍ സീസണ്‍ ആരംഭിക്കുന്നത്. ഇതിനു മുമ്പ് കേരള പ്രീമിയര്‍ ലീഗ്, ഐലീഗ് ക്ലബുകള്‍ക്കെതിരേ മല്‍സരങ്ങള്‍ സംഘടിപ്പിക്കാനാണ് ടീം മാനേജ്‌മെന്റ് ഒരുങ്ങുന്നത്.

ഇതുമായി ബന്ധപ്പെട്ട് കെപിഎല്‍ ക്ലബുകളെ മാനേജ്‌മെന്റ് ബന്ധപ്പെട്ടിട്ടുണ്ട്. ടീം കൊച്ചിയില്‍ മടങ്ങിയെത്തി മൂന്നോ നാലോ ദിവസങ്ങള്‍ക്കകം മല്‍സരങ്ങള്‍ കളിച്ചു തുടങ്ങും. ഒന്നു രണ്ട് മല്‍സരങ്ങള്‍ ബെംഗളൂരുവില്‍ കളിക്കാനും ടീമിന് പദ്ധതിയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. ഫിഫ വിലക്ക് വന്നതോടെ യുഎഇയില്‍ തീരുമാനിച്ച് പ്രീസീസണ്‍ മല്‍സരങ്ങള്‍ അലങ്കോലപ്പെട്ടിരുന്നു.

ആവശ്യത്തിന് പരിശീലന മല്‍സരങ്ങള്‍ കിട്ടാത്തത് വലിയ വെല്ലുവിളിയാകുമെന്ന ഭയം കോച്ചിനും എസ്ഡിക്കുമുണ്ട്. പരിശീലന മല്‍സരങ്ങള്‍ നല്‍കി കളിക്കാരുടെ ശക്തിയും ദൗര്‍ബല്യവും അളന്നെടുക്കാനാണ് കോച്ചിന്റെ പദ്ധതി. പുതുതായി ടീമിനൊപ്പം ചേര്‍ന്ന വിദേശ താരങ്ങള്‍ ടീമുമായി ഇഴുകിച്ചേരാന്‍ പരിശീലന മല്‍സരങ്ങള്‍ വഴിയൊരുക്കും.

അതേസമയം ടീമിന്റെ മല്‍സരങ്ങളുടെ ടിക്കറ്റ് വില്‍പ്പന അടുത്ത ദിവസം തന്നെ തുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. കോവിഡിന് മുമ്പ് കൊച്ചിയില്‍ നടന്ന മല്‍സരങ്ങളുടെ ടിക്കറ്റ് റേറ്റിനേക്കാള്‍ കുറച്ചു കൂടി വില കൂടാനാണ് സാധ്യത. അതേസമയം, ടിക്കറ്റ് നിരക്ക് കൂട്ടരുതെന്ന ആവശ്യം ആരാധകരുടെ ഭാഗത്തു നിന്നും ഉയരുന്നുണ്ട്.

Related Articles

Leave a Reply

Back to top button