ISLTop Stories

പ്രശാന്തിന് കൊല്‍ക്കത്തയിലേക്ക് ക്ഷണം? ഐലീഗ് ക്ലബുകളും പിന്നാലെ

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ നിന്നുള്ള പടിയിറക്കം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ പ്രശാന്ത് മോഹനെ തേടി മറ്റ് ക്ലബുകള്‍. ഈസ്റ്റ് ബംഗാളും മറ്റു ചില ഐലീഗ് ക്ലബുകളും പ്രശാന്തിനെ സമീപിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. പ്രശാന്തിന് 2023 വരെ കരാര്‍ ബാക്കിയുണ്ടായിരുന്നു. ഈ കരാറാണ് പരസ്പര ധാരണയോടെ അവസാനിപ്പിച്ചത്.

നിലവില്‍ ഫ്രീ ഏജന്റാണ് താരം. ഈസ്റ്റ് ബംഗാളിലേക്ക് പ്രശാന്ത് കൂടുമാറാനുള്ള സാധ്യത നന്നായി നിലനില്‍ക്കുന്നുണ്ട്. മലയാളി പരിശീലകന്‍ ബിനോ ജോര്‍ജാണ് ഈസ്റ്റ് ബംഗാളിന്റെ സഹപരിശീലകന്‍. മുമ്പ് ബിനോയുടെ കീഴില്‍ പ്രശാന്ത് പരിശീലനം നടത്തിയിട്ടുമുണ്ട്. മറ്റൊരു മലയാളി താരം വി.പി സുഹൈറും ഈസ്റ്റ് ബംഗാളിലുണ്ട്.

ഐഎസ്എല്ലില്‍ ഇത്രമാത്രം പരിചയസമ്പത്തുള്ള മറ്റൊരു യുവതാരം ഇന്ന് ഫ്രീ ഏജന്റായി ഉണ്ടാകില്ല. അതുകൊണ്ട് തന്നെ പ്രശാന്തിന്റെ ഐഎസ്എല്‍ സ്വപ്‌നങ്ങള്‍ക്ക് കാര്യമായ പോറലേല്‍ക്കില്ല.

നമ്മള്‍ മനസിലാക്കുന്നത് അനുസരിച്ച് മൂന്നോളം ഐലീഗ് ക്ലബുകളും പ്രശാന്തുമായി സംസാരിച്ചിട്ടുണ്ട്. ഏത് ഓഫര്‍ സ്വീകരിക്കണമെന്ന കാര്യത്തില്‍ താരം ഇതുവരെ കൃത്യമായ തീരുമാനം എടുത്തിട്ടില്ലെന്നാണ് വിവരം. 2017 ല്‍ ബ്ലാസ്റ്റേഴ്‌സില്‍ അരങ്ങേറിയ പ്രശാന്ത് ഇതുവരെ 61 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ട്. മുമ്പ് ഇന്ത്യയ്ക്കായി അണ്ടര്‍ 20, അണ്ടര്‍ 16, അണ്ടര്‍ 14 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.

പരിശീലന മല്‍സരങ്ങളിലും ട്രെയ്‌നിംഗിലും പുറത്തെടുക്കുന്ന മികവ് മല്‍സരത്തിന് ഇറങ്ങുമ്പോള്‍ കൈമോശം വരുന്നതാണ് പ്രശാന്തിന്റെ പ്രധാന പ്രശ്‌നങ്ങളിലൊന്ന്. ഈയൊരു പ്രശ്‌നം മറികടക്കാനായാല്‍ നല്ലൊരു ഭാവി പ്രശാന്തിന് ഉണ്ടാകും. കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ച് അഭിമാനകരമായ ഒരു കരിയര്‍ കെട്ടിപ്പെടുക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Back to top button