ISL

ബ്ലാസ്റ്റേഴ്‌സിന് കൈവരുന്നത് പ്രതിസന്ധി മറികടക്കാനുള്ള സുവര്‍ണാവസരം!

ശനിയാഴ്ച്ച എവേ മല്‍സരത്തില്‍ നോര്‍ത്തീസ്റ്റ് യുണൈറ്റഡിനെ നേരിടുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനും ഇത് സുവര്‍ണാവസരം. തുടര്‍ തോല്‍വികളില്‍ കിതയ്ക്കുന്ന ടീമിന് ഒരു ഊര്‍ജ്ജമായേക്കാവുന്ന മല്‍സരമാകും നോര്‍ത്തീസ്റ്റിനെതിരേ നടക്കുന്നത്. കളിച്ച എല്ലാ മല്‍സരങ്ങളും തോറ്റ നോര്‍ത്തീസ്റ്റ് ഈ സീസണിലെ ഏറ്റവും മോശം ടീമാണ്.

ഇവര്‍ക്കെതിരേ വന്‍ മാര്‍ജിനില്‍ ഒരു ജയം സ്വന്തമാക്കാന്‍ സാധിച്ചാല്‍ അത് പുതിയൊരു ആത്മവിശ്വാസം കളിക്കാര്‍ക്ക് പകര്‍ന്നു കിട്ടാനുള്ള അവസരമായി മാറും. പല വമ്പന്‍ ടീമുകളും ഇത്തരത്തില്‍ ഒരൊറ്റ മല്‍സരത്തിലൂടെ തിരിച്ചു വന്ന ചരിത്രവും നമ്മുക്ക് മുന്നിലുണ്ട്. ജയത്തിലൂടെ കിട്ടുന്ന ആത്മവിശ്വാസം മറ്റൊരു കാര്യത്തിലൂടെയും ലഭിക്കില്ല. സീസണിലെ വരും മല്‍സരങ്ങളില്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ പോരാടാന്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഈ മല്‍സരം വളരെയധികം സഹായിച്ചേക്കും.

പോയിന്റ് പട്ടികയില്‍ നിലവില്‍ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്. ആദ്യ മല്‍സരത്തില്‍ തോല്‍പ്പിച്ചുവിട്ട ഈസ്റ്റ് ബംഗാള്‍ പോലും മഞ്ഞപ്പടയ്ക്ക് മുന്നിലാണ്. ഇത്തവണ ആറു ടീമുകള്‍ക്ക് പ്ലേഓഫില്‍ സാധ്യത ഉള്ളതിനാല്‍ തന്നെ തുടക്കത്തിലേ ചില തോല്‍വികള്‍ കൊണ്ടു മാത്രം സാധ്യതകള്‍ അവസാനിക്കില്ല. ഇനിയുമേറെ മുന്നോട്ടു പോകാനുള്ള എല്ലാ ഇന്ധനവും ഈ ടീമിനുണ്ട്.

Related Articles

Back to top button