ISLTop Stories

ഐഎസ്എല്‍ ക്ലബുകള്‍ നഷ്ടത്തില്‍ നിന്ന് ലാഭത്തിലേക്ക്!! വരുമാന മാര്‍ഗങ്ങള്‍ ഉയരുന്നു

ഇന്ത്യന്‍ ഫുട്‌ബോള്‍ പതിയെ മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ആരംഭിക്കുന്ന സമയത്തുണ്ടായിരുന്ന അവസ്ഥയല്ല രാജ്യത്ത് ഇപ്പോള്‍ ഫുട്‌ബോളിന്. ക്രിക്കറ്റിന്റെ അത്ര സ്വീകാര്യത ഇല്ലെങ്കിലും യുവാക്കളിലേക്ക് ഫുട്‌ബോള്‍ കൂടുതല്‍ പടര്‍ന്നു ഇറങ്ങിയിരിക്കുന്നു. ടിവിയില്‍ കളി കാണുന്നവരുടെയും സ്റ്റേഡിയത്തിലെത്തുന്നവരുടെയും എണ്ണം വര്‍ധിച്ചിരുന്നു. ഐഎസ്എല്‍ ക്ലബുകളും പതിയെ ലാഭത്തിന്റെ വഴിയിലേക്ക് യാത്ര തുടങ്ങിയിരിക്കുന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സ് അടക്കം പല ക്ലബുകളും സമീപഭാവിയില്‍ തന്നെ ലാഭത്തിലെത്തുമെന്നാണ് ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ക്ലബുകളുടെ വരുമാനം വര്‍ധിക്കുന്ന പ്രവണതയാണ് നിലവിലുള്ളത്. കോവിഡ് മാന്ദ്യം മാറിയതോടെ ക്ലബുകളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ രംഗത്തു വരുന്നുണ്ട്.

ഈ വര്‍ഷം ടിക്കറ്റ് വില്പനയിലൂടെയും സ്റ്റേഡിയത്തിലെ പരസ്യത്തിലൂടെയും കൂടുതല്‍ വരുമാനം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബുകള്‍. നിലവില്‍ ക്ലബുകള്‍ നേരിടുന്ന ഒരു പ്രശ്‌നം ടിവി സംപ്രേക്ഷണത്തിന്റെ ഒരു വിഹിതം കിട്ടുന്നില്ലെന്നതാണ്. മറ്റ് യൂറോപ്യന്‍ ലീഗുകളില്‍ ടിവി അവകാശത്തില്‍ നിന്നുള്ള ഒരു വരുമാനം ടീമുകള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള കരാര്‍ 2024 വരെയുണ്ട്. ഈ കാലയളവ് വരെ യാതൊരു തരത്തിലുള്ള വരുമാനവും ക്ലബുകള്‍ക്ക് കിട്ടില്ല.

പല ക്ലബുകളും വിദേശ പ്രീസീസണുകള്‍ ഒഴിവാക്കി സാമ്പത്തിക ചെലവ് കുറച്ചിട്ടുണ്ട്. ഇന്ത്യയില്‍ തന്നെ പരിശീലിക്കുന്നത് വഴി ഇത്തരത്തില്‍ വലിയൊരു ചെലവ് നിയന്ത്രിക്കാന്‍ സാധിക്കും. പ്രീസീസണ്‍ കാലയളവില്‍ ഡ്യൂറന്റ് കപ്പ് വന്നതും ഗുണം ചെയ്തിട്ടുണ്ട്. ഡ്യൂറന്റ് കപ്പില്‍ പങ്കെടുക്കുന്ന ടീമുകളെ എല്ലാവിധ ചെലവുകളും വഹിക്കുന്നത് സംഘാടകരാണ്. വരുന്ന മൂന്ന് നാലു വര്‍ഷത്തിനുള്ളില്‍ പകുതിയോളം ഐഎസ്എല്‍ ക്ലബുകളെങ്കിലും നഷ്ടത്തില്‍ നിന്ന് കരകയറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Related Articles

Back to top button