ISLTop Stories

വൈകി എണീറ്റ നോര്‍ത്തീസ്റ്റ് സൂപ്പര്‍ താരത്തെ കൊണ്ടുവരുന്നു!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഏറ്റവും മോശം മാനേജ്‌മെന്റുകളിലൊന്നാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെത്. ഇത്തവണ തുടക്കത്തില്‍ വിദേശ താരങ്ങളുടെ കാര്യത്തില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന ടീം ഇപ്പോഴിതാ സൂപ്പര്‍ സൈനിംഗ് നടത്താന്‍ ഒരുങ്ങുന്നു. ഫ്രാന്‍സില്‍ നിന്നാണ് പുതിയ താരത്തെ അവര്‍ കണ്ടെത്തിയിരിക്കുന്നത്.

ഫ്രഞ്ച് മിഡ്ഫീല്‍ഡറായ റൊമെയിന്‍ ഫിലിപ്പോത്തുവാണ് ടീമിലെത്താന്‍ പോകുന്നതെന്ന് വിവിധ സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു. ഡിയോന്‍, ലോറിയെന്റ്, നിംസ് തുടങ്ങിയ ക്ലബുകളിലായ് ഫ്രാന്‍സിലെ ഒന്നാം ഡിവിഷനിലും രണ്ടാം ഡിവിഷനിലും ദീര്‍ഘകാലത്തെ പരിചയസമ്പത്തുണ്ട്. 34 വയസാണ് പ്രായം.

ഫ്രഞ്ച് ലീഗില്‍ മാത്രം നൂറിലേറെ മത്സരങ്ങള്‍ റൊമെയിന്‍ കളിച്ചിട്ടുണ്ട്. രണ്ട് വര്‍ഷത്തെ കരാറാണ് റൊമെയിന്‍ നോര്‍ത്ത് ഈസ്റ്റുമായി ഒപ്പുവച്ചിരിക്കുന്നത്. വിദേശ സൈനിംഗുകള്‍ ഒന്നും കൃത്യസമയത്ത് നടത്താത്ത ക്ലബിനെതിരേ വലിയ പ്രതിഷേധമാണ് ആരാധകരില്‍ നിന്നും ഉയരുന്നത്. ഡ്യൂറന്റ് കപ്പില്‍ കളിച്ച എല്ലാ മല്‍സരങ്ങളും വന്‍ മാര്‍ജിനില്‍ ടീം തോറ്റിരുന്നു.

ഡ്യൂറന്റ് കപ്പിനിടെ ഗ്യാലറിയില്‍ മാനേജ്‌മെന്റിനെതിരേ ബാനര്‍ ഉയര്‍ത്തിയ ആരാധകര്‍ ഉടമ ജോണ്‍ എബ്രഹാമിനെയും വെറുതെ വിടുന്നില്ല. തങ്ങള്‍ ആരാധകരാണ്, കസ്റ്റമേഴ്‌സ് അല്ല എന്നു രേഖപ്പെടുത്തിയ വലിയ ബാനറുമായിട്ടാണ് ഫാന്‍സ് ഡ്യൂറന്റ് കപ്പിനെത്തിയത്.

ദുര്‍ബല എതിരാളികളോടു പോലും ഗോളുകള്‍ വാങ്ങിക്കൂട്ടിയ നോര്‍ത്തീസ്റ്റ് ഇത്തവണ ഏറ്റവും പിന്നിലാകും സീസണ്‍ അവസാനിപ്പിക്കുകയെന്ന സൂചനയും നല്‍കി കഴിഞ്ഞു. ഇന്ത്യയുടെ ഫുട്‌ബോള്‍ നേഴ്‌സറിയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. എന്നാല്‍ ക്ലബെന്ന നിലയില്‍ ഈയൊരു പെരുമ നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിക്കുന്നില്ല.

ഐഎസ്എല്‍ ക്ലബുകളില്‍ ഏറ്റവുമാദ്യം ലാഭത്തിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ടീമാണ് നോര്‍ത്തീസ്റ്റ്. കാരണം, മറ്റു ടീമുകളെ അപേക്ഷിച്ച് അവര്‍ക്ക് ചെലവുകള്‍ കുറവാണ്. മറ്റ് ടീമുകള്‍ ദീര്‍ഘകാല പ്രീസീസണുകള്‍ നടത്തുമ്പോള്‍ നോര്‍ത്തീസ്റ്റ് വളരെ കുറച്ചു മാത്രമാണ് മുന്നൊരുക്കം നടത്തുന്നത്.

ഈ വര്‍ഷം ആദ്യം ബൈജൂസ് ഗ്രൂപ്പ് നോര്‍ത്തീസ്റ്റിനെ ഏറ്റെടുക്കാന്‍ ചില ചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീടത് മുടങ്ങിപ്പോയി. ബൈജൂസിന്റെ വരുമാനത്തില്‍ കുറവുണ്ടായതും വാങ്ങല്‍ നടക്കാതിരിക്കാന്‍ കാരണമായി. ആരാധകരുടെ ഇപ്പോഴത്തെ ആവശ്യം പുതിയ മാനേജ്‌മെന്റ് വരണമെന്നതാണ്. നടന്‍ ജോണ്‍ എബ്രഹാമാണ് ക്ലബിന്റെ മുഖ്യ ഓഹരിയുടമ. ടീമിനെ വിറ്റ് കാശാക്കാന്‍ അദേഹത്തിനും താല്‍പര്യമുണ്ട്.

Related Articles

Leave a Reply

Back to top button