ISLTop Stories

പ്രശാന്തിന് തിരിച്ചടിയായത് കോച്ചിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടും റിസര്‍വിലെ ‘വജ്രങ്ങളും’

കേരള ബ്ലാസ്റ്റേഴ്‌സും മലയാളി താരം പ്രശാന്ത് മോഹനും തമ്മില്‍ വേര്‍പിരിയുകയാണെന്ന വാര്‍ത്ത ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. 2023 വരെ പ്രശാന്തിന് കരാര്‍ നീട്ടിക്കൊടുത്തപ്പോള്‍ നെറ്റി ചുളിച്ചവര്‍ പോലും സ്തബ്ധരായിരിക്കുകയാണ്. ഇത്ര നാളും ടീമിനൊപ്പം ഉണ്ടായിരുന്ന ഒരു താരത്തിന്റെ കരാര്‍ പെട്ടെന്ന് റദ്ദാക്കാന്‍ മാനേജ്‌മെന്റ് തീരുമാനിച്ചതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്.

പ്രശാന്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ഏതൊരു ഫുട്‌ബോള്‍ ക്ലബിലും നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. പ്രശാന്തിന് തിരിച്ചടിയായത് രണ്ടു പ്രതികൂല ഘടകങ്ങളാണ്. ആദ്യത്തേത് കോച്ച് ഇവാന്‍ വുക്കുമനോവിച്ചിന് മലയാളി താരത്തിന്റെ പ്രകടനത്തില്‍ തൃപ്തി വരാത്തതാണ്. കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായി വന്നതിനു ശേഷം നടന്ന ഒരു പത്രസമ്മേളനത്തില്‍ ഇവാന്‍ പ്രശാന്തിനെ പുകഴ്ത്തി പറഞ്ഞിരുന്നു.

ഇവാന്റെ കീഴില്‍ പ്രശാന്ത് ഐഎസ്എല്ലില്‍ ഒരു മല്‍സരം പോലും കളിക്കും മുമ്പായിരുന്നു കോച്ച് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. അതായത്, പരിശീലന സെഷനുകളിലെ പ്രകടനത്തിന്റെ വെളിച്ചത്തിലായിരുന്നു വുക്കുമനോവിച്ച് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രശാന്തിന്റെ പ്രശ്‌നവും ഈ രണ്ടുതരം പ്രകടനങ്ങളാണ്.

പരിശീലന സെഷനുകളിലും സൗഹൃദ മല്‍സരങ്ങളിലും ചത്തുകിടന്ന് കളിക്കുന്ന പ്രശാന്തിനെ അല്ല ഐഎസ്എല്‍ മല്‍സരങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. പലപ്പോഴും നിറം മങ്ങി പോകുന്നു. ഇതു തന്നെയാണ് കോച്ചിന്റെ ഗുഡ് ബുക്കില്‍ നിന്ന് താരം പുറത്തു പോകാനും കാരണം. ബിജോയ് വര്‍ഗീസിനെ പോലെ ജൂണിയര്‍ താരങ്ങള്‍ പോലും പ്രതീക്ഷയ്ക്ക് മുകളില്‍ പെര്‍ഫോം ചെയ്തപ്പോഴാണ് പ്രശാന്തിന്റെ ഗ്രാഫ് താഴേക്ക് പോയതെന്നതും ശ്രദ്ധിക്കണം.

കഴിഞ്ഞ സീസണ്‍ അവസാനിച്ച ശേഷം കോച്ച് ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം വിലയിരുത്തി പ്രോഗ്രസ് റിപ്പോര്‍ട്ട് സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ക്ക് നല്‍കിയിരുന്നു. ഈ പ്രോഗ്രസ് റിപ്പോര്‍ട്ടിലും പ്രശാന്തിന്റെ മാര്‍ക്ക് ശരാശരി താഴെയായിരുന്നു.

പ്രശാന്തിന് പെട്ടെന്ന് പോകേണ്ടി വരുന്നതിന് ഒരുപക്ഷേ മറ്റൊരു കാരണം റിസര്‍വ് ടീമിലെ താരങ്ങളുടെ പ്രകടനമാകും. ഡ്യൂറന്റ് കപ്പില്‍ പ്രധാന താരങ്ങളെ ഇറക്കാതെ കളിച്ച ബ്ലാസ്റ്റേഴ്‌സ് യുവനിര മികച്ച പ്രകടനമാണ് നടത്തിയത്. മുഹമ്മദ് ഐമനെ പോലുള്ള താരങ്ങളുടെ മികവ് കാണാതിരിക്കാന്‍ മാനേജ്‌മെന്റിന് കഴിയാതെ വന്നു.

ഡ്യൂറന്റ് കപ്പില്‍ മൂന്നു ഗോളുകളും ഒരു അസിസ്റ്റും അടക്കം ഗംഭീര പ്രകടനമാണ് ഐമന്‍ നടത്തിയത്. ഈ സീസണില്‍ സീനിയര്‍ ടീമിലേക്ക് റിസര്‍വ് കളിക്കാരില്‍ നിന്ന് ഒരുപിടി താരങ്ങളെ പ്രമോട്ട് ചെയ്യാനുള്ള സാധ്യതയുണ്ട്. കോച്ചിന്റെ പദ്ധതികള്‍ക്ക് ചേരാത്തവരെ ഒഴിവാക്കാന്‍ തീരുമാനിച്ചതിന്റെ ഒരു കാരണവും റിസര്‍വ് താരങ്ങളുടെ മികവാണ്. എന്തായാലും പ്രശാന്തിന് മുന്നില്‍ നല്ലൊരു ഭാവി ഉണ്ടാകട്ടെയെന്ന് ആശംസിക്കാം.

Related Articles

Back to top button