FootballTop Stories

ചൗബെ വന്നു, ഇന്ത്യന്‍ ഫുട്‌ബോള്‍ അടിമുടി മാറും

അങ്ങനെ ഏറെ വിവാദങ്ങള്‍ക്കും കോലാഹലങ്ങള്‍ക്കും ശേഷം അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഒരു അധ്യക്ഷനെ ലഭിച്ചിരിക്കുകയാണ്. പ്രഫുല്‍ പട്ടേലിന്റെ കീഴില്‍ വര്‍ഷങ്ങളോളം മുരടിച്ചു നിന്ന ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ വഴികാട്ടാന്‍ കല്യാണ്‍ ചൗബെ എന്ന മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ക്കും എന്‍.എ ഹാരിസ് (വൈസ് പ്രസിഡന്റ്) എന്ന ഫുട്‌ബോള്‍ പ്രേമിക്കും സാധിക്കട്ടെയെന്ന് പ്രതീക്ഷിക്കാം. ഏറെ പ്രതീക്ഷയോടെ തന്നെയാണ് ചൗബെയുടെ വരവിനെ ആരാധകര്‍ കാണുന്നത്.

ചൗബെയുടെ കടന്നു വരവ് ഇന്ത്യന്‍ ഫുട്‌ബോളിനെ എങ്ങനെയൊക്കെ സ്വാധീനിക്കുമെന്ന് നോക്കാം. ബംഗാളില്‍ നിന്നുള്ള ബിജെപി എംഎല്‍എയാണ് ചൗബെ. രാഷ്ട്രീയത്തില്‍ ഇറങ്ങും മുമ്പേ കളിക്കളത്തിലും സംഘാടനത്തിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ അദേഹത്തിന് സാധിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരെ ഇന്ത്യന്‍ കായികരംഗത്തുള്ള ഒട്ടുമിക്ക ഫെഡറേഷനുകളിലും നമ്മുക്ക് കാണാനാകും.

ചൗബെ വരുമ്പോള്‍ ഏറ്റവും കൂടുതല്‍ മാറ്റം വരാന്‍ സാധ്യതയുള്ളത് ഇന്ത്യന്‍ ഫുട്‌ബോളിനെ വാണിജ്യവല്‍ക്കരിക്കുന്നതിലാകും. കാരണം, രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗമാണ് അദേഹം. കോര്‍പ്പറേറ്റുകളുടെ പിന്തുണയില്ലാതെ ലോകത്ത് ഒരു കായിക ഇനത്തിനും പിടിച്ചു നില്‍ക്കാനാകില്ല. ഈ അര്‍ത്ഥത്തില്‍ കോര്‍പറേറ്റ് ലോകവുമായി ഏറെ അടുപ്പമുള്ള ചൗബെയുടെ വരവിന് ഇന്ത്യന്‍ ഫുട്‌ബോളിന് ഗുണം ചെയ്യുമെന്നുറപ്പാണ്.

സംസ്ഥാന ഫുട്‌ബോള്‍ അസോസിയേഷനുകള്‍ കൂടുതല്‍ പ്രെഫഷണലാകണമെന്ന് വാദിക്കുന്നയാളാണ് ചൗബെ. ഐഎസ്എല്‍-ഐലീഗ് തര്‍ക്കങ്ങളെ കൃത്യമായി പരിഹരിക്കാന്‍ ചൗബെയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം. അടുത്ത വര്‍ഷം മുതല്‍ ഐലീഗ് ക്ലബുകള്‍ക്ക് ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ വരുകയാണ്. ഈ പ്രക്രിയ കൂടുതല്‍ എളുപ്പമാക്കാന്‍ അദേഹത്തിന് സാധിച്ചേക്കും.

കോര്‍പ്പറേറ്റ് കമ്പനികളെ കൂടുതല്‍ ഫുട്‌ബോളുമായി അടുപ്പിക്കാനാകും ചൗബെ കൂടുതല്‍ ശ്രമിക്കുക. അതുവഴി സാമ്പത്തിക പ്രതിസന്ധിയിലുള്ള ക്ലബുകള്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പിക്കാനാകും. ഇന്ത്യയിലെ പല ക്ലബുകളും നിലനിന്ന് പോകുന്നത് അതിന്റെ ഉടമകളുടെ കളിയോടുള്ള താല്‍പര്യത്തിന്റെ പുറത്തു മാത്രമാണ്. ഈ അവസ്ഥ മാറി ക്ലബുകള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് ഉറപ്പിക്കാന്‍ സാധിക്കും.

എഐഎഫ്എഫിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു മുന്‍കാല താരം പ്രസിഡന്റാകുന്നത്. കളിക്കാരുടെ വിഷമങ്ങളും അടിസ്ഥാന സൗകര്യമില്ലായ്മയുടെ പ്രശ്‌നങ്ങളുമെല്ലാം കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് ചൗബെ. അതുകൊണ്ട് തന്നെ കളിക്കാര്‍ക്കും കളിക്കും ആദ്യ പരിഗണന നല്‍കാന്‍ ചൗബെയ്ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കാം.

Related Articles

Leave a Reply

Back to top button