CricketTop Stories

മൃദുലയുടെ ഓള്‍റൗണ്ട് മികവില്‍ ടീം സഫയറിന് ഗംഭീര ജയം

ആലപ്പുഴ എസ്ഡി കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച കെസിഎ വുമണ്‍സ് ട്വന്റി-20 സീരിസിന്റെ ആദ്യ ദിനം ടീം സഫയറിനും ടീം പേള്‍സിനും തകര്‍പ്പന്‍ ജയം.

ആദ്യ മല്‍സരത്തില്‍ ടീം റൂബിയെയാണ് സഫയര്‍ വീഴ്ത്തിയത്. ആദ്യം ബാറ്റുചെയ്ത സഫയര്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സെടുത്തു. വി.എസ് മൃദുലയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് സഫയറിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കേവലം 34 പന്തില്‍ നിന്ന് പുറത്താകാതെ 51 റണ്‍സെടുത്ത മൃദുലയ്ക്ക് പി. അഖില മികച്ച പിന്തുണ നല്‍കി. മറുപടി ബാറ്റിംഗില്‍ റൂബിയ്ക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 105 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബൗളിംഗിലും മൃദുല തിളങ്ങി. മൂന്നോവറില്‍ വെറും 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും യുവതാരം സ്വന്തമാക്കി.

രണ്ടാം മല്‍സരം ബൗളര്‍മാര്‍ ആധിപത്യം നേടുന്നതാണ് കണ്ടത്. ആദ്യം ബാറ്റുചെയ്ത ടീം ആംബെറിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. അന്‍സു സുനില്‍ (28), എസ്. സജന (29) എന്നിവര്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്തെങ്കിലും റണ്‍നിരക്ക് ഉയര്‍ത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. സൂര്യ സുകുമാര്‍ നാലോവറില്‍ വെറും എട്ടു റണ്‍സ് വഴങ്ങി നാലു വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗില്‍ ആറു വിക്കറ്റ് ജയമാണ് ടീം പേള്‍സ് നേടിയത്. 25 പന്ത് ബാക്കിനില്‍ക്കേ ലക്ഷ്യം നേടാന്‍ അവരെ സഹായിച്ചത് മാളവിക സാബുവിന്റെ ബാറ്റിംഗാണ്. മാളവിക 60 പന്തില്‍ നിന്ന് 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഈ മാസം 20 വരെ നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് ഫാന്‍കോഡ് ആപ്പിലൂടെ തല്‍സമയം കാണാവുന്നതാണ്.

Related Articles

Back to top button