ISLTop Stories

ആ രണ്ടുതാരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് തിരിച്ചെത്തുന്നു!!

നാളെ ചെന്നൈയ്ന്‍ എഫ്‌സിയെ നേരിടാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ക്യാംപില്‍ നിന്ന് സന്തോഷവാര്‍ത്ത. നിര്‍ണായക ചെന്നൈയിനെ നേരിടുമ്പോള്‍ ഹൈദരാബാദിനെതിരായ മത്സരത്തില്‍ പരിക്കുമൂലം കളിക്കാതിരുന്ന നിഷു കുമാറും മധ്യനിര താരം ജീക്‌സണ്‍ സിംഗും ടീമിനൊപ്പം ഉണ്ടാവുമെന്ന് കോച്ച് ഇവാന്‍ വുക്കുമനോവിച്ച് പറഞ്ഞു.

നിശു കുമാറും ജീക്‌സണും പരിശീലനം ആരംഭിച്ചിട്ടുണ്ട്. നാളത്തെ അവസ്ഥയനുസരിച്ച് ഇരുവരുടെയും കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പരിശീലകന്‍ പറഞ്ഞു. ഇരുവരുടെയും കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ തനിക്ക് ഉദ്ദേശമില്ല എന്നും അദ്ദേഹം പറഞ്ഞു. സീസണ്‍ അവസാനിക്കാന്‍ ആയ ഈ സമയത്ത് പരിക്കുമായി കളിപ്പിച്ച് ഇവര്‍ കൂടുതല്‍ കാലം പരിക്കേറ്റ് പുറത്താകുന്നത് നല്ലതായിരിക്കില്ല എന്നും ഇവാന്‍ പറഞ്ഞു. ഇരുവരും ടീമില്‍ തിരിച്ചെത്തുമെന്ന വാര്‍ത്ത ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ഊര്‍ജ്ജം നല്‍കും എന്ന കാര്യത്തില്‍ സംശയമില്ല.

ഐഎസ്എല്‍ ഫൈനലില്‍ കാണികളെ കയറ്റാനുള്ള അധികൃതരുടെ തീരുമാനത്തെ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകമാനോവിച് സ്വാഗതം ചെയ്തു. നാളത്തെ മത്സരത്തിന് മുന്‍പുള്ള പത്ര സമ്മേളനത്തിലാണ് പരിശീലകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഫൈനലിന് ഇത്തവണ ആരാധകരെ പ്രവേശിപ്പിക്കാന്‍ തീരുമാനമായത് സന്തോഷകരമായ കാര്യമാണ്. കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ എത്തുക ആണെങ്കില്‍ ഗ്യാലറി മഞ്ഞ ആകുമെന്നും ആരാധകര്‍ വലിയ പിന്തുണയുമായി വരും എന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഇവാന്‍ പറഞ്ഞു.

എന്നാല്‍ ഫൈനലില്‍ സ്ഥാനം പിടിക്കണമെങ്കില്‍ കൂടുതല്‍ പരിശ്രമിക്കേണ്ടതുണ്ട്. ഗോവയില്‍ നടക്കുന്ന ഫൈനലില്‍ പത്തായിരത്തോളം കാണികള്‍ക്കാണ് പ്രവേശനം ഉണ്ടാവുക. 2020ലെ സെമി ഫൈനലില്‍ ആയിരുന്നു അവസാനമായി ഐ എസ് എല്ലില്‍ ആരാധകര്‍ ഉണ്ടായിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നാളെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിയെ നേരിടും. ലീഗില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങളിലെല്ലാം ജയിച്ചാലെ ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫ് ഉറപ്പിക്കാനാകു. കഴിഞ്ഞ ദിവസം ഹൈദരാബാദ് എഫ്‌സിയോട് പരാജയപ്പെട്ടതാണ് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി ആയി മാറിയത്.

Related Articles

Leave a Reply

Back to top button