Cricket

ലോകകപ്പില്‍ ഹിറ്റ്മാന്‍ ഒരു ബാധ്യതയാകുമോയെന്ന ഭയത്തില്‍ ആരാധകര്‍!! ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ചേര്‍ന്ന് ഇന്ത്യയെ ഒരു വഴിക്കാക്കുമോ ?

ഈ ഐപിഎല്ലിനു മുമ്പ് രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയപ്പോള്‍ മുംബൈ ഇന്ത്യന്‍സ് പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പറഞ്ഞത് താരത്തിന്റെ ജോലിഭാരം ഒഴിവാക്കാനാണിതെന്നും താരത്തിന്റെ ബാറ്റിംഗ് ഇതോടെ മെച്ചപ്പെടുമെന്നുമായിരുന്നു.

ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു പുറത്തായതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ രോഹിതും പറഞ്ഞത് ഏറെക്കുറെ സമാനമായ കാര്യമായിരുന്നു. ബാറ്റര്‍ എന്ന നിലയില്‍ മികച്ച പ്രകടനം നടത്താനാണ് തന്റെ ശ്രമമെന്നായിരുന്നു അദ്ദേഹത്തിന്റെ തുറന്നു പറച്ചില്‍.

എന്നാല്‍ ഈ ഐപിഎല്ലില്‍ തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് ഇപ്പോള്‍ വളരെ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുക്കുന്നത്.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരം കഴിഞ്ഞതോടെ ആരാധകര്‍ രോഹിതു നേരെ തിരിഞ്ഞിരിക്കുകയാണ്. മത്സരം മുംബൈ ജയിച്ചെങ്കിലും രോഹിത് പാടെ നിരാശപ്പെടുത്തി. അഞ്ചു പന്തില്‍ നാലു റണ്‍സ് മാത്രമാണ് മത്സരത്തില്‍ താരത്തിന് നേടാനായത്.

പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഹെന്റിച്ച് ക്ലാസന് ക്യാച്ച് നല്‍കിയായിരുന്നു ഇന്ത്യന്‍ നായകന്റെ മടക്കം.

ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന രോഹിതിന്റെ അവസാന അഞ്ച് ഇന്നിംഗ്സിലെ സ്‌കോര്‍ 6, 8, 4, 11, 4 എന്നിങ്ങനെയാണ്. ഇതാണ് താരത്തെക്കുറിച്ച് ആരാധകരുടെ ആശങ്കയും.

വരുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യക്ക് ഏറ്റവും തലവേദനയാവുക രോഹിത് തന്നെയായിരിക്കുമെന്ന് ട്രോളര്‍മാരുടെ വാദം. എന്നാല്‍ മറുവശത്ത് മറ്റൊരു സീനിയര്‍ താരം വിരാട് കോഹ്‌ലി തകര്‍പ്പന്‍ ഫോമിലാണ്.

ഇതുവരെ 11 ഇന്നിംഗ്സുകള്‍ കളിച്ച 542 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. റണ്‍വേട്ടക്കാരില്‍ ഒന്നാമനാണ് ആര്‍സിബി ഓപ്പണര്‍. മുമ്പ് ലോകകപ്പില്‍ കോഹ് ലിയെ ഉള്‍പ്പെടുത്തണമോയെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് രോഹിതാണ്, പക്ഷെ ക്യാപ്റ്റനായതിനാല്‍ കളിക്കുമെന്നുറപ്പാണ്.

എന്തായാലും രോഹിത് കളിച്ചില്ലെങ്കിലും ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തോല്‍പ്പിക്കാന്‍ മുംബൈയ്ക്കായി. വാങ്കഡെയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ െൈഹദാബാദിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുക്കാനാണ് സാധിച്ചത്.

30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സിന്റെ ഇന്നിംഗ്സ് നിര്‍ണായകമായി.

മറുപടി ബാറ്റിംഗില്‍ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഒരു ഘട്ടത്തില്‍ ടീം 31ന് മൂന്ന് എന്ന നിലയില്‍ തകര്‍ന്നെങ്കിലും സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവാണ് (51 പന്തില്‍ 102) ടീമിനെ നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. നിലവില്‍ 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ. ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പിന്നില്‍.

Related Articles

Back to top button