Cricket

അവന്‍ ഇന്ത്യന്‍ ടീമില്‍ തിരികെയെത്തുകയും ചെയ്യും ലോകകപ്പ് നേടുകയും ചെയ്യും!! ഹര്‍ഭജന്‍ സിംഗ് പറയുന്നതിങ്ങനെ

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് സീസണില്‍ തുടര്‍ച്ചയായ മൂന്നാം വിജയം നേടിയിരുന്നു.

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി ബൗളിംഗില്‍ ഉജ്ജ്വല പ്രകടനമാണ് ഇന്ത്യന്‍ താരം യുസ്വേന്ദ്ര ചഹല്‍ പുറത്തെടുത്തത്.

നാല് ഓവറില്‍ വെറും 11 റണ്‍സ് മാത്രം വിട്ടു നല്‍കി മൂന്ന് വിക്കറ്റുകളാണ് ചഹല്‍ നേടിയത്.

മുംബൈ താരങ്ങളായ തിലക് വര്‍മ, നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, ജെറാള്‍ഡ് കോട്സി എന്നിവരെ പുറത്താക്കി കൊണ്ടാണ് ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നര്‍ കരുത്ത് കാട്ടിയത്.

തുടക്കത്തിലെ തിരിച്ചടിയ്ക്കു ശേഷം കരകയറി വന്ന മുംബൈയെ മുന്നോട്ടു നയിച്ചത് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും യുവതാരം തിലക് വര്‍മയും ഒത്തുചേര്‍ന്ന കൂട്ടുകെട്ടാണ്.

ഈ അവസരത്തിലാണ് ഇരുവരെയും പുറത്താക്കി ചഹല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതോടെ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തിയ മുംബൈയ്ക്ക് പിന്നീട് മത്സരത്തില്‍ കരകയറാനായില്ല.

ചഹലിന്റെ ഈ മിന്നും പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ്. സ്റ്റാര്‍ സ്പോര്‍ട്സിലൂടെ പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം വീണ്ടും കളിക്കുക എന്ന സ്വപ്നം സജീവമായി നിലനിര്‍ത്താന്‍ ചഹലിനോട് ഹര്‍ഭജന്‍ ആവശ്യപ്പെടുകയും ചെയ്തു.

‘ചഹല്‍ ഒരു ചാമ്പ്യനും ഇന്ത്യയിലെ ഏറ്റവും മികച്ച താരവും ആണ്. ഇനി സ്വയം ഒന്നും തെളിയിക്കേണ്ട ആവശ്യമില്ല. അവന്‍ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി നേടുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അവന് സാധിക്കുന്നതിനാല്‍ മികച്ച ഒരു തിരിച്ചുവരവ് എന്ന സ്വപ്നം സജീവമായി നിലനിര്‍ത്താന്‍ ഞാന്‍ അവനോട് അഭ്യര്‍ത്ഥിക്കുന്നു.

ഇന്ത്യയ്ക്കായി ചഹലിനെ ഇനിയും മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ സാധിക്കും. ഇന്ത്യന്‍ ടീമിലേക്കുള്ള ചഹലിന്റെ തിരിച്ചുവരവിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്,’ ഹര്‍ഭജന്‍ പറഞ്ഞു.

മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത ഓവറില്‍ 125 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 15.3 ഓവറില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഏപ്രില്‍ ആറിന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍സിന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തിലാണ് പോരാട്ടം.

Related Articles

Back to top button